ആലപ്പുഴ: കേരള റവന്യു സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തിയ പണിമുടക്ക് ജില്ലയിൽ പൂർണ്ണം. ജില്ലയിൽ ആകെയുള്ള 1379 ജീവനക്കാരിൽ 1291 പേരും പണിമുടക്കത്തിൽ അണിചേർന്നു.
സർട്ടിഫിക്കറ്റുകൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി ഓഫീസുകളിൽ എത്തിയ ജനം നിരാശയോടെ മടങ്ങി. ജില്ലയിലെ ആകെയുള്ള 93 വില്ലേജ് ഓഫീസർമാരിൽ 92 പേരും പണിമുടക്കിൽ പങ്കെടുത്തതായി നേതാക്കൾ പറഞ്ഞു.
.റവന്യു വകുപ്പിനോട് ധനവകുപ്പ് വിവേചനം കാട്ടുന്നുവെന്ന് ആരോപിച്ചായിരുന്നു പണിമുടക്ക്. ആറു താലൂക്ക് ഓഫീസുകളിൽ അമ്പലപ്പുഴ,മാവേലിക്കര ഓഫീസുകളുടെ പ്രവർത്തനം തടസപെട്ടു. അമ്പലപ്പുഴ താലൂക്ക് ഓഫീസ് ഉച്ചയ്ക്ക് 12.30വരെ അടഞ്ഞുകിടന്നു. തഹസീൽദാർ അവധിയായതിനാൽ താക്കോൽ കളക്ടറേറ്റിലായിരുന്നു. ഉച്ചയോടെ എത്തിയ ജീവനക്കാരനാണ് കളക്ടറേറ്റിൽ നിന്ന് താക്കോൽ വാങ്ങി തുറന്നത്. ചേർത്തല,ചെങ്ങന്നൂർ കാർത്തികപ്പള്ളി താലൂക്ക് ഓഫീസുകളിൽ ഒരാൾ വീതവും കുട്ടനാട് താലൂക്കിൽ 28 ജീവനക്കാരും മാത്രമേ ഇന്നലെ ഹാജരായുള്ളു. ജില്ലാ കളക്ട്രേറ്റിൽ ആകെയുള്ള 195 പേരിൽ 25 പേർ മാത്രമാണ് ഹാജരായത്. ഒട്ടു മിക്ക സ്‌പെഷ്യൽ ഓഫീസുകളുടെയും പ്രവർത്തനം പേരിന് മാത്രമായിരുന്നു.
ആലപ്പുഴ കളക്ടറേറ്റിൽ നടന്ന പ്രതിഷേധ യോഗം ജോയിന്റ് കൗൺസിൽ സംസ്ഥാന ട്രഷറർ സന്തോഷ് പുലിപ്പാറ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.എസ്. സന്തോഷ് കുമാർ, കേരള റവന്യു ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജെ.ഹരിദാസ്,ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എം.അനിൽകുമാർ,കെ.ആർ.ഡി.എസ്.എ ജില്ലാ സെക്രട്ടറി വി.എസ്. സൂരജ്,
സി.സുരേഷ് ,എം.ആർ.രാജേഷ് എന്നിവർ സംസാരിച്ചു.