s

ചാരുംമൂട്: കലാരംഗത്തും കളിക്കളത്തിലും പ്രതിഭ തെളിയിച്ച യുവ ഡോക്ടറുടെ വേർപാട് നാടിനു നൊമ്പരമായി. കട്ടപ്പനയിൽ വാഹനാപകടത്തിൽ മരിച്ച ചിന്നക്കനാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ നൂറനാട് നാടുവിലേമുറി പടിഞ്ഞാറ്റേതിൽ വീട്ടിൽ പി. ബിപിനാണ് പാതിവഴിയിൽ വിടപറഞ്ഞ് കണ്ണീരോർമ്മയായത്.

പന്തളം സബ് ജില്ല യുവജനോത്സവത്തിൽ തുടർച്ചയായി ഒൻപത് തവണയാണ് ബിപിൻ കലാപ്രതിഭാപട്ടം കരസ്ഥമാക്കിയത്. കൂടാതെ ജില്ലാ കലോത്സവങ്ങളിലും സംസ്ഥാന സ്കൂൾ, ഹയർ സെക്കൻഡറി കലോത്സവങ്ങളിലും മികച്ച വിജങ്ങൾ കരസ്ഥമാക്കി. ശാസ്ത്രീയസംഗീതം, ലളിതസംഗീതം, കന്നഡ - മലയാളം പദ്യം ചൊല്ലൽ, ഓട്ടൻതുള്ളൽ, മാപ്പിളപ്പാട്ട്, കഥകളി, കഥകളി സംഗീതം, മൃദംഗം, കഥാപ്രസംഗം എന്നീ ഇനങ്ങളിലാണ് ബിപിൻ തന്റെ പ്രതിഭ തെളിയിച്ചത്.

കോട്ടയം മെഡിക്കൽ കോളേജിലെ പഠനകാലത്ത് തുടർച്ചയായി കലാപ്രതിഭാപട്ടം കരസ്ഥമാക്കിയിരുന്ന ബിപിൻ, ഇന്റർ മെഡിക്കോസ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കോട്ടയം മെഡിക്കൽ കോളേജിനെ പ്രതിനിധീകരിച്ച് കായിക രംഗത്തും മികവു കാട്ടി. ഡോക്ടറായ ശേഷവും വിവിധ വേദികളിൽ ബിപിൻ കലാപ്രകടനങ്ങൾ നടത്തി.

കവി നൂറനാട് രാജീവിന്റെ 'വലവട്ടം' എന്ന സ്ത്രീപക്ഷ കവിത തുടർച്ചയായി നാല് വർഷം സംസ്ഥാന സ്കൂൾ, ഹയർ സെക്കൻഡറി യുവജനോത്സവങ്ങളിൽ ആലപിച്ച് ഒന്നാം സ്ഥാനം നേടുകയും, ഇതേ കവിത നാനൂറിൽ അധികം വേദികളിൽ ബിപിൻ ആലപിക്കുകയും ചെയ്തു. സുഹൃത്തുക്കൾക്കിടയിൽ 'ഗാനഗന്ധർവ്വൻ' എന്ന് അറിയപ്പെട്ടിരുന്ന ബിപിൻ നൂറനാട് പടനിലം ഹയർ സെക്കൻഡറി സ്ക്കൂൾ, കായംകുളം ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, കായംകുളം എം.എസ്.എം കോളേജ്, കോട്ടയം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

കർണാടക സംഗീതത്തിലെ പ്രഗത്ഭനായ മുള്ളിക്കുളങ്ങര കൊച്ചുമ്മിണി ഭാഗവതരാണ് മുത്തച്ഛൻ. മൃദംഗ വിദ്വാൻ നൂറനാട് സുകുമാരൻ വലിയമ്മാവനും. അദ്ധ്യാപകനായ പ്രഭാകരൻ അച്ഛനും സംഗീതാദ്ധ്യാപികയായ സുശീല അമ്മയുമാണ്. ഇടുക്കി രാജകുമാരിയിലെ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസറായിരുന്ന കാലത്ത് 'നന്മ മനുഷ്യനായ ജനകീയ ഡോക്ടർ' എന്നായിരുന്നു നാട്ടിൽ അറിയപ്പെട്ടിരുന്നത്. നിലവിൽ ചിന്നക്കനാൽ പി.എച്ച്.സിയിലെ മെഡിക്കൽ ഓഫീസറാണ്.