മാവേലിക്കര: മദ്ധ്യപ്രദേശിൽ അദ്ധ്യാപകനായ, തെക്കേക്കര ചെറുകുന്നം ടിജു ഭവനത്തിൽ പരേതനായ വിശ്വന്റെയും ഓമനയുടെയും മകൻ ടിജു വിശ്വനെ (31) താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. മദ്ധ്യപ്രദേശിലെ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ആലപ്പുഴ മെഡി. ആശുപത്രിയിൽ വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയ ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. രണ്ടിടത്തെയും റിപ്പോർട്ടുകൾ ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് ഡോക്ടർമാർ പറഞ്ഞു.
മദ്ധ്യപ്രദേശ് പന്നാ ജില്ലയിൽ മാനസ് ഇന്റർനാഷണൽ സ്കൂളിലെ അദ്ധ്യാപകനാണ് ടിജു. രണ്ട് വർഷമായി ഇവിടെ ജോലി ചെയ്യുന്ന ടിജുവിനെ 14ന് രാവിലെ 9.30നാണ് കൂടെ ജോലി ചെയ്യുന്ന സുഹൃത്തുക്കൾ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ടിജു താമസിക്കുന്ന കെട്ടിടത്തിൽ മറ്റ് മൂന്ന് മുറികളിലായി ഒരു വനിത ഉൾപ്പെടെ 3 പേർ കൂടി താമസിക്കുന്നുണ്ട്.
13ന് രാത്രി 8.30ന് ടിജു അമ്മയുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും പിറ്റേന്ന് സുഹൃത്തുക്കൾ മരണവിവരം വിളിച്ചറിയിക്കുകയായിരുന്നുവെന്നും വീട്ടുകാർ പറയുന്നു. മരണത്തിൽ ദുരൂഹത ആരോപിച്ച് ചെങ്ങന്നൂർ ആർ.ഡി.ഒയ്ക്ക് ബന്ധുക്കൾ പരാതി നൽകി. ആർ.ഡി.ഒയുടെ നിർദേശപ്രകാരം കുറത്തികാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവിവാഹിതനാണ്. സഹോദരൻ: ടിറ്റോ.