ചേർത്തല:കേരളം നേരിട്ട മഹാ പ്രളയത്തിൽ പ്രളയബാധിതരായ പതിനായിരങ്ങൾക്ക് അഭയ കേന്ദ്രമൊരുക്കിയ കണിച്ചുകുളങ്ങര ദേവസ്വം സംസ്ഥാന സർക്കാരിന് വിലമതിക്കാനാകാത്ത സഹായമാണ് നൽകിയതെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. ക്ഷേത്രോത്സവങ്ങൾ സുഗമമായി നടത്തേണ്ട ഉത്തരവാദിത്വം സർക്കാരിനുമുണ്ട്.അതിന്റെ ഭാഗമായുള്ള സഹായങ്ങളാണ് ക്ഷേത്രത്തിന് നൽകിയതെന്ന് മന്ത്രി പറഞ്ഞു.പ്രളയകാലത്ത് കണിച്ചുകുളങ്ങരയിലേയ്ക്ക് വരാൻ ആരും തയ്യാറാകാതിരുന്നപ്പോൾ മന്ത്രി ജി.സുധാകരന്റെ ഇടപെടലിലാണ് കുട്ടനാട്ടിലെ ആയിരങ്ങൾ കണിച്ചുകുളങ്ങരയിലേയ്ക്ക് എത്തിയതെന്ന് ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.എല്ലാവരേയും അതിഥികളായി സ്വീകരിച്ച് മാസങ്ങളോളം അവർക്ക് ദേവസ്വം ആദിത്യമരുളി.ആയിരക്കണക്കിന് ഭക്തർ എത്തിച്ചേരുന്ന കണിച്ചുകുളങ്ങരയിലെ ഉത്സവ ചടങ്ങുകളിൽ പാരിസ്ഥിതിക പ്രശ്നങ്ങൾ എല്ലാം ഒഴിവാക്കി മാലിന്യ നിർമ്മാർജ്ജനത്തിന് പ്ലാന്റ് ഒരുക്കുന്നതിനുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് മന്ത്രിയുടെ പ്രവർത്തനങ്ങളാണ് സഹായകമായതെന്ന് വെള്ളാപ്പള്ളി പറഞ്ഞു.