ആലപ്പുഴ: മത്സരപരീക്ഷകളി​ൽ പിന്നാക്കം നിൽക്കുന്നവർക്ക് കൈത്താങ്ങാകാൻ കുടുംബശ്രീ.

പട്ടി​ക വർഗത്തി​ലെ ഉദ്യോഗാർത്ഥി​കൾക്കാണ്പരി​ശീലനം നൽകുന്നത്.

പരിശീലന കേന്ദ്രം വഴി ഇതുവരെ 26 വിദ്യാർത്ഥികൾക്ക് ആറ് മാസത്തെ പരിശീലനം നൽകുകയും പി.എസ്.സി വൺടൈം രജിസ്‌ട്രേഷൻ പൂർത്തിയാക്കുകയും ചെയ്തു .ഓരോ ആഴ്ചയിലും ക്ലാസ് ടെസ്റ്റുകൾ നടത്തുകയും, പഠന നിലവാരം അളക്കുകയും തുടർന്നുള്ള ക്ലാസുകളിൽ അതിനനുസരിച്ച് പരിശീലനങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്.

പഠനത്തിനാവശ്യമായ പഠനോപകരണങ്ങൾ ജില്ലകളിലെ പരിശീലന ഏജൻസികൾ തന്നെയാണ് തയ്യാറാക്കി നൽകുന്നത്. പ്രധാനപ്പെട്ട പരീക്ഷകൾ വരുമ്പോൾ അതിനോടനുബന്ധിച്ച് മോട്ടിവേഷൻ ക്ലാസുകളും പരിശീലന കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്നുണ്ട്. ജില്ലാ കുടുംബശ്രീയുടെ നേതൃത്വത്തിൽ പട്ടികവർഗ സുസ്ഥിര വികസന പദ്ധതിയിലൂടെ ആലപ്പുഴ കവിത ഐ.ടി.സി.യുമായി ചേർന്നാണ് പരിശീലനം. ക്ളാസി​ന് പി.എസ്.സി. നിർണയിച്ചിരിക്കുന്ന പ്രായപരിധിയും യോഗ്യതയുമാണ് കണക്കാക്കുന്നത്. ആഴ്ചയിൽ കുറഞ്ഞത് രണ്ടുദിവസമെങ്കിലും ക്ലാസുകൾ ഉണ്ടായിയിരിക്കും കണക്ക്, മെന്റൽ എബിലിറ്റി, ചരിത്രം, പൊതുവിജ്ഞാനം. ഇംഗ്ലീഷ്, സമകാലിക വിഷയങ്ങൾ, പൊതുവിജ്ഞാനം എന്നിങ്ങനെയാണ് വിഷയങ്ങളുടെ ക്രമീകരണം.ക്ലാസുള്ള ദിവസങ്ങളിൽ പ്രത്യേക പരീക്ഷകളും മറ്റ് മത്സരപരിപാടികളും നടത്തിവരുന്നുണ്ട്.

....

ലക്ഷ്യം

ആദിവാസികുടുംബത്തേയും സമൂഹത്തെയും ഉയർത്തിക്കൊണ്ടു വരുന്നതിനുമാണ് പരിശീലന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

# രജിസ്റ്റർചെയ്തത് 26 പേർ

ജില്ലയിൽ ഇതുവരെ 26 പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ശനി, ഞായർ ദിവസങ്ങളിലായിട്ടാണ് ക്ലാസുകൾ. ആലപ്പുഴ കവിത ഐ.ടി.സി.യിലെ നാല് അദ്ധ്യാപകരാണ് ക്ലാസുകൾ നയിക്കുന്നത്. ക്ലാസ് ആംരഭിച്ച് ആദ്യമാസങ്ങളിലേക്കാൾ മികച്ചരീതിയിലാണ് ഇവർ പരിശീലനത്തോട് പ്രതികരിക്കുന്നതെന്ന് അധികൃതർ പറയുന്നു. നിലവിൽ ഇവരിൽ അഞ്ചുപേർ വില്ലേജ് എക്‌സ്‌റ്റെൻഷൻ ഓഫീസർ പരീക്ഷയിൽ നല്ല മാർക്ക് നേടിയവരാണ്. കൂടാതെ ഒരാൾ സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലി​സ്റ്റി​ലി​ടം നേടി​. അഡ്വൈസ് മെമ്മോ കൈപ്പറ്റുകയും ചെയ്തു.

പുതുതായി വരുന്നവർക്കും പരിശീലനത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

......

ആലപ്പുഴയിൽ പരി​ശീലനത്തി​നുളള

വിദ്യാർത്ഥികൾ: 26

.....

സർക്കാർജോലി പോലുള്ള ഉയർന്ന സ്വപ്നങ്ങളിലേക്ക് പട്ടികവർഗ വിഭാഗത്തിലെ യുവതലമുറയെ ഉയർത്തുകയാണ് ലക്ഷ്യം. പുതുതായി വരുന്നവർക്കും പരിശീലനത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. 2020ൽ നടക്കാനിരിക്കുന്ന എൽ.ജി.എസ്., എൽ.ഡി.സി. എന്നീ പരീക്ഷകളിൽ കൂടുതൽ ഉദ്യോഗാർത്ഥികളെ ഉൾക്കൊള്ളിക്കാനാകുംവിധം പുസ്തകങ്ങളും മറ്റ് പി.എസ്.സി. അനുബന്ധ പഠനസാമഗ്രികളും ലഭ്യമാക്കിയിട്ടുണ്ട്.

മോൾജി റഷീദ്,ജില്ലാതല പ്രോഗ്രാം ഓഫീസർ