ആലപ്പുഴ: കുട്ടനാടൻ കരുത്തിന് കാൽപ്പന്തുകളിയുടെ വേഗം പകരുവാനായി വരുകയാണ് ഒരു ഫുട്ബാൾ അക്കാദമി. ജില്ലാഫുട്ബാൾ അസോസിയേഷന്റെ സഹകരണത്തോടെ ഇതിന്റെ ആദ്യപടിയായി നെടുമുടി എൻ.എസ് സ്‌കൂളിൽ മാർച്ച് ആദ്യവാരത്തോടെ അക്കാദമി ആരംഭിക്കും. ഇതിന് മുന്നോടിയായുള്ള സെലക്ഷൻ ക്യാമ്പ് 23ന് രാവിലെ 7.30 മുതൽ എൻ.എസ്.എസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ഒന്നാം ക്ളാസ് മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്കാണ് അക്കാദമിയിൽ പരിശീലനം ഒരുക്കുന്നത്. കുട്ടനാട്ടിൽ നിന്ന് ആലപ്പുഴ നഗരത്തിലും ജില്ലയുടെ പല ഭാഗത്തും നടക്കുന്ന ക്യാമ്പുകളിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ സെലക്ഷൻ കിട്ടിയവർക്ക് തുടർ പരിശീലനം പ്രയാസകരമായിരുന്നു. മിക്ക സ്ഥലങ്ങളിലും രാവിലെ നടക്കുന്ന പരിശീലത്തിൽ ഗതാഗത സൗകര്യം ഏറെ വലച്ചു. കൃത്യസമയത്ത് ബോട്ട് കിട്ടാത്തത് കാരണം പരിശീലനം മുടങ്ങും. ക്രമേണ ഇവർ പിൻമാറുന്ന പ്രവണതയായിരുന്നു. ഇത് മാറ്റുന്നതിനാണ് ശ്രദ്ധയിൽപ്പെട്ട ജില്ലാ ഫുട്ബാൾ അസോസിയേഷൻ കുട്ടനാട്ടിൽ അക്കാദമി തുടങ്ങുവാൻ തീരുമാനമെടുത്തത്. അക്കാദമിയിൽ നിന്ന് അണ്ടർ 8,10,12,14,16 എന്നീ വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികളെയാണ് വാർത്തെടുക്കുന്നത്. ഇവർക്ക് ടീം രൂപീകരിച്ചാൽ അക്കാദമികൾ നടത്തുന്ന ലീഗ് മത്സരങ്ങളിൽ പങ്കെടുക്കാം. ഇതുവഴി ഇവർക്ക് ഒരു വർഷം 50-60 മത്സരങ്ങളിൽ പങ്കെടുക്കാം.
......
# ആദ്യഘട്ടത്തിൽ
ആദ്യ ഘട്ടത്തിൽ നെടുമുടി എൻ.എസ്.എസ് സ്കൂളിൽ അക്കാദമി പ്രവർത്തനം. തുടർന്ന് താത്പര്യമുള്ള സ്കൂളുകൾക്കും ക്ലബുകൾക്കും അക്കാദമി ആരംഭിക്കാം. 23 ന് നടക്കുന്ന സെലക്ഷനിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് ശനി,ഞായർ ദിവസങ്ങളിൽ രാവിലെ 6.30മുതൽ 8 വരെയാണ് പരിശീലനം. അസോസിയേഷൻ അക്കാദമിയിലേക്ക് യോഗ്യതയുള്ള കോച്ചുകളെ നിയമിക്കും. താത്പര്യമുള്ള സ്കൂളുകൾക്ക് റഗുലർ കോച്ചിംഗ് വൈകുന്നരേങ്ങളിൽ നടത്താനുള്ള സംവിധാനം ഏർപ്പാടാക്കും.
........
# സെലക്ഷൻ താത്പര്യമുള്ളവർക്ക് ഫോൺ: 7594064957, 9207206790
....
# 30 അക്കാദമികൾ
30 ഫുട്ബാൾ അക്കാദമികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പുതുതലമുറയിലുള്ള കുട്ടികൾക്ക് അക്കാദമിയിലൂടെ അച്ചടക്കം, ലഹരി ഉപയോഗം തടയൽ എന്നിവ സാധ്യമാകും. വ്യക്തിത്വ വികസനം കൂടെ ലക്ഷ്യമിടുന്നുണ്ട്.
......
'' കുട്ടനാട്ടിൽ ആദ്യമായാണ് ഫുട്ബാൾ അക്കാദമി തുടങ്ങുന്നത്. കായിക ശേഷി കൂടുതലുള്ള നല്ല കളിക്കാരെ വാർത്തെടുക്കാൻ കഴിയും പരിശീലന കളരിയിൽ നിന്ന്. ഗതാഗതഅസൗകര്യം മൂലം പല കുട്ടികൾക്കും നഗരങ്ങളിലെ അക്കാദമിയിൽ എത്തിച്ചേരുവാൻ കഴിയുന്നില്ലായിരുന്നു. ഇതോടെ ഈ പ്രശ്നത്തിന് പരിഹാരം കാണുവാൻ കഴിയും. ചെറിയ ഫീസ് മാത്രമേ കുട്ടികൾനിന്ന് അക്കാദമി ഈടാക്കുകയുള്ളൂ.
വി.ജി.വിഷ്ണു,
ജില്ലാ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ്