ആലപ്പുഴ: ഊർജ്ജ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സംസ്ഥാനത്ത് സമ്പൂണ്ണ സൗരോർജ്ജ പദ്ധതി നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി എം.എം.മണി പറഞ്ഞു. ജില്ലയിൽ സംഘടിപ്പിച്ച വൈദ്യുതി അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേന്ദ്രസഹായത്തോടെ അഞ്ച് വർഷത്തിനുള്ളിൽ 2000മെഗാവാട്ട് സൗരോർജ്ജ വൈദ്യുതി ഉത്പാദിപ്പിക്കും. നിലവിലെ 350മെഗാവാട്ടിൽ നിന്ന് അടുത്ത വർഷം 10000മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും. ജലവൈദ്യുതി ലാഭകരമാണ‌െങ്കിലും ആവശ്യത്തിന് ജലം കിട്ടിന്നില്ല. കായംകുളം താപനിലയത്തിലെ കൽക്കരി, നാഫ്താ ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന വൈദ്യുതി നിരക്ക് സാധാരണക്കാരന് താങ്ങാനാകില്ല. താപനിലയം നിലനിർത്താനുള്ള നടപടി വൈദ്യുതി വകുപ്പ് നടത്തുന്നുണ്ട്. ഒരു യൂണിറ്റ് വൈദ്യുതി പോലും വാങ്ങാതെ 200കോടി രൂപ താപനിലയത്തിന് നൽകുന്നുണ്ട്. ഇനി കറണ്ട് കട്ടും ലോഡ് ഷെഡിംഗും ഉണ്ടാകില്ല. സൗരോർജ്ജത്തിലൂടെ വൈദ്യുതിയുടെ കാര്യത്തിൽസംസ്ഥാനം സ്വയം പര്യാപ്തത കൈവരിക്കുമെന്നും മന്ത്രി മണി പറഞ്ഞു.

എ.എം.ആരിഫ് എം പി അദ്ധ്യക്ഷത വഹിച്ചു. ‌ യു.പ്രതിഭ എം.എൽ.എ, നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ്കമ്മറ്റി ചെയർമാൻ ബഷീർ കോയാപറമ്പിൽ, വാർഡ് കൗൺസിലർ എൽ.സലിലകുമാരി കെ.എസ്.ഇ.ബി ചെയർമാനും എം.ഡിയുമായ എൻ.എസ് പിള്ള, ഡയറക്ടർ പി.കുമാരൻ എന്നിവർ സംസാരിച്ചു.