ആലപ്പുഴ: പ്രശ്‌ന പരിഹാരങ്ങൾക്കുള്ള ആശയ രൂപീകരണത്തിൽ വിദ്യാർത്ഥികൾക്ക് അവസരം നൽകുന്ന 'റീബൂട്ട് ഹാക്കത്തൺ' 28 മുതൽ മാർച്ച് 1 വരെ ചേർത്തല നൈപുണ്യ സ്‌കൂൾ ഒഫ് മാനേജ്‌മെന്റിൽ നടക്കും. മൂന്നു ദിവസം നടക്കുന്ന ഹാക്കത്തൺ ജില്ലാ കളക്ടർ എം .അഞ്ജന ഉദ്ഘാടനം ചെയ്യും. ഉന്നതവിദ്യാഭ്യാസ വകുപ്പും അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാമും (അസാപ്പ്) ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വിവിധ വിഷയങ്ങൾ അടിസ്ഥാനമാക്കി കേരളത്തിലെ പത്ത് ജില്ലകളിലാണ് റീബൂട്ട് ഹാക്കത്തൺ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ വിവിധ കോളേജുകളിൽ നിന്നായി തിരഞ്ഞെടുത്ത 30 ടീമുകൾ പങ്കെടുക്കും. 36 മണിക്കൂർ നീണ്ട ഹാക്കത്തണിൽ ഭക്ഷണവുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങൾ വിദ്യാർത്ഥികൾക്ക് നൽകും. ഈ പ്രശ്‌നങ്ങൾക്കുള്ള പരിഹാരം വിദ്യാർത്ഥികൾ തന്നെ കണ്ടെത്തി അവതരിപ്പിക്കും. ആദ്യഘട്ടത്തിൽ വിജയിക്കുന്ന 15 ടീമുകളെയാണ് രണ്ടാംഘട്ട മത്സരത്തിലേക്ക് തിരഞ്ഞെടുക്കുക. ജില്ലാതല റീബൂട്ട് ഹാക്കത്തണിൽ വിജയിക്കുന്ന ടീമിന് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി കളക്ടർ ജെ.മോബിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അസാപ് ജില്ലാ പ്രോജക്ട് മാനേജർ അനൂപ് പ്രകാശ്, കോളേജ് വൈസ് പ്രിൻസിപ്പൽ പുഷ്പ ജോൺ, അസിസ്റ്റന്റ് ഡയറക്ടർ ജിജോ കളരിക്കൽ, പ്രോഗ്രാം കോഡിനേറ്റർ ജി വിഷ്ണു എന്നിവർ പങ്കെടുത്തു.