ആലപ്പുഴ: ചുനക്കര ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി പുതിയ കുടിവെള്ള പദ്ധതിക്ക് തുടക്കം. ഇതോടെ വേനലിൽ കുടിവെള്ളത്തിന്റെ അപര്യാപ്തത അനുഭവപ്പെട്ട ചുനക്കര തെക്കു ഭാഗത്തെ അറുപതോളം വരുന്ന കുടുംബങ്ങൾക്ക് ആശ്വാസമായി. ചെറുതും വലുതുമായി നിരവധി കുടിവെള്ള പദ്ധതികൾ പഞ്ചായത്തിൽ ഉണ്ടെങ്കിലും പഞ്ചായത്തിന്റെ തെക്കു ഭാഗത്തേയ്ക്ക് വെള്ളം എത്തിക്കുന്നത് ശ്രമകരമായ സാഹചര്യത്തിലാണ് പുതിയ കുടിവെള്ള പദ്ധതി തുടങ്ങിയത്.
ഇതിന് 2019-2020 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 26.18ലക്ഷം രൂപ വകയിരുത്തി. പദ്ധതിയുടെ ഭാഗമായി കുഴൽക്കിണർ, ജലസേചനത്തിന് ആവശ്യമായ ടാങ്ക്, മോട്ടോർ, പമ്പ് സെറ്റ് എന്നിവ സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഗുണഭോക്തൃ സമിതിയുടെ മേൽനോട്ടത്തിലാണ് പദ്ധതിയുടെ പ്രവർത്തനങ്ങളെന്നു ചുനക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് പറഞ്ഞു. പമ്പ് ഹൗസിൽ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. സൗജന്യമായാണ് നിലവിൽ വെള്ളം എത്തിക്കുന്നത്, ഒരു മാസത്തിനു ശേഷം മാസ ക്രമത്തിൽ നിശ്ചിതമായ ചെറിയൊരു തുക ഗുണഭോക്താക്കളിൽ നിന്നും ഈടാക്കും. വെള്ളം പാഴാക്കി കളയുന്നത് തടയാൻ ഇതിലൂടെ സാധിക്കും. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭരണസമിതിയുടേയും പ്രദേശവാസികളുടേയും കൂട്ടായ പ്രവർത്തന ഫലമായാണ് പദ്ധതി പൂർത്തിയാക്കാൻ സാധിച്ചത്.