ആലപ്പുഴ: അന്തർദേശീയ മാഫിയ ശക്തിക്കൾക്ക് എതിരെയുള്ള പോരാട്ടമാണ് വിമുക്തി പദ്ധതിയിലൂടെ സംസ്ഥാനസർക്കാർ നടത്തുന്നതെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. വിമുക്തി പദ്ധതിയുടെ ജില്ലാതല സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലഹരി മൂലം ഒരു തലമുറ തന്നെ നശിച്ചുപോകുന്നത് ഒഴിവാക്കാനാണ് സർക്കാർ തലത്തിൽ വിമുക്തി പോലെയുളള പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്. മദ്യത്തിന് പുറമേ കഞ്ചാവും മയക്കുമരുന്നുകളും ഇന്നത്തെ യുവതലമുറയെ അടിമകളാക്കുന്നുണ്ട്. അത് നിയന്ത്രിക്കാൻ വിമുക്തി പോലെയുള്ള പരിപാടികളിലൂടെ കഴിയണമെന്നും മന്ത്രി പറഞ്ഞു. എല്ലാ മേഖലയിലുമുള്ളവർ മദ്യവർജനത്തിനായി മാതൃകാപരമായ പെരുമാറ്റത്തിലൂടെ മുന്നോട്ട് പോകണം. വിമുക്തി പരിപാടികളുടെ ഭാഗമായി ജില്ലയിലെ എല്ലാ സ്‌കൂൾ, കോളേജ്, ഗ്രന്ഥശാലകൾ, സർക്കാർ ഓഫീസുകൾ എന്നിവ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ക്ലബുകൾ തുടങ്ങിയിട്ടുണ്ട്. നഗരസഭാ, പഞ്ചായത്ത് വാർഡുകളിലും വിമുക്തി സേന രൂപവത്കരിക്കുകയും ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.ജില്ലാ കളക്ടർ എം. അഞ്ജന അദ്ധ്യക്ഷത വഹിച്ചു. എ.എം ആരിഫ് എം.പി മുഖ്യാതിഥിതായി. യു.പ്രതിഭ എം.എൽ.എ, ജില്ല പൊലീസ് മേധാവി ജയിംസ് ജോസഫ്, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ഷാജി എസ്.രാജൻ തുടങ്ങിയവർ സംസാരിച്ചു.