ആലപ്പുഴ:ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരമ്പരാഗത,നാടൻ കലാമേള 'ഉത്സവം' ജില്ലയിൽ നാളെ മുതൽ ആരംഭിക്കും. 28നാണ് സമാപനം. ആലപ്പുഴ ബീച്ച്,കായംകുളം കായലോരം എന്നിവിടങ്ങളിലായാണ് പരിപാടി നടക്കുക. പരമ്പരാഗത,നാടൻ കലാരൂപങ്ങൾ അന്യംനിന്നു പോകാതെ സംരക്ഷിക്കുക,അവ പൊതുജനത്തിന് അനുഭവവേദ്യമാക്കുക,വിനോദ് സഞ്ചാരികളെ ആകർഷിക്കുക എന്നിവയാണ് ഉത്സവിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.തെയ്യം,തോറ്റംപാട്ട്,തോൽപ്പാവകളി തുടങ്ങി വിവിധ കലാരൂപങ്ങൾ ഏഴുദിവസങ്ങളിലായി വേദികളിലെത്തും.ദിവസവും വൈകിട്ട് ആറര മുതലാണ് അവതരണം.ജില്ലാതല ഉദ്ഘാടനം കായംകുളത്ത് യു.പ്രതിഭ എം.എൽ.എ 22ന് വൈകുന്നേരം നിർവഹിക്കും. 22ന് ഉദ്ഘാടനത്തിന് ശേഷം കായംകുളം ബോട്ട് ടെർമിനലിൽ വെളിച്ചപ്പാട് തുള്ളൽ, തോൽപ്പാവക്കൂത്ത് എന്നിവ നടക്കും. ബീച്ചിൽ തെയ്യവും പടയണിയും അവതരിപ്പിക്കും.