ചേർത്തല:തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് താഴേക്കിടയിൽ നിന്നുള്ള പ്രവർത്തനം ഊർജ്ജിതമാക്കണമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പു മാത്രമല്ല, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും സംഘടനയ്ക്ക് അർഹമായ പ്രാതിനിധ്യം മുന്നണിയിൽ കിട്ടിയേ തീരൂ എന്നും തുഷാർ പറഞ്ഞു.

കേരളത്തിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസിനൊപ്പം ചേർന്നപ്പോഴാണ് ബി.ജെ.പിക്ക് തലഉയർത്താനായതെന്ന് ഇന്നലെ ചേർത്തലയിൽ ചേർന്ന നേതൃയോഗം അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് ഒ​റ്റക്കെട്ടായി പരിശശ്രമിച്ചാൽ തദ്ദേശ സ്വയംഭരണ തിരിഞ്ഞെടുപ്പിലും നിയമസഭാതിരഞ്ഞെടുപ്പിലും ജനങ്ങളുടെ വിശ്വാസം ആർജിച്ച് നേട്ടങ്ങളുണ്ടാക്കാനാകുമെന്നും റിപ്പോർട്ടിലുണ്ട്.
മുൻ ജനറൽ സെക്രട്ടറി സുഭാഷ് വാസുവിന്റെ പ്രവർത്തനങ്ങൾ പാർട്ടിക്ക് പൊതുജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കി.ഒ​റ്റക്കെട്ടായിനിന്നു നേരിട്ട് സുഭാഷിനെ പുറത്താക്കിയപ്പോൾ പേരിനു പുതിയ പാർട്ടിയുണ്ടാക്കിയെങ്കിലും ബി.ജെ.പി നേതൃത്വം അംഗീകരിക്കില്ലെന്നു വിവരം ലഭിച്ചിട്ടുള്ളതായും ബി.ഡി.ജെ.എസ് നേതൃത്വം പറഞ്ഞു.
സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളിൽ ആളുള്ള ആറെണ്ണത്തിൽ പെടുന്നതാണ് ബി.ഡി.ജെ.എസെന്നും തുഷാർവെള്ളാപ്പള്ളി പറഞ്ഞു.എൻ.ഡി.എയിലെ ഘടകകക്ഷി എന്ന നിലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും 35 ശതമാനം സീ​റ്റ് അർഹതപ്പെട്ടതാണെന്നും ഇതിനായി പാർട്ടിയെ സജ്ജമാക്കിവരികയാണെന്നും അദ്ദേഹംപറഞ്ഞു.

ജനറൽ സെക്രട്ടറിമാരായ ടി.വി.ബാബു,അരയക്കണ്ടിസന്തോഷ്,വി.ഗോപകുമാർ,വി.ഉണ്ണികൃഷ്ണൻ,അനിരുദ്ധ്കാർത്തികേയൻ,വൈസ് പ്രസിഡന്റുമാരായ സംഗീതവിശ്വനാഥൻ,സിനിൽ മുണ്ടപ്പള്ളി, നീലകണ്ഠൻമാസ്​റ്റർ,തഴവസഹദേവൻ,സന്ദീപ് പച്ചയിൽ ട്രഷറർ എ.ജി.തങ്കപ്പൻ തുടങ്ങിയവർ പങ്കെടുത്തു.