ചരിത്ര പ്രസിദ്ധമായ ദീപക്കാഴ്ചയും ഗരുഡൻ തൂക്കവും ഇന്ന്

ചേർത്തല:കണിച്ചുകുളങ്ങര ദേവി ക്ഷേത്രത്തിൽ ഇന്ന് വടക്കേ ചേരുവാര കൂട്ടക്കള മഹോത്സവവും ചരിത്ര പ്രസിദ്ധമായ തിരിപിടിത്തവും ഗരുഡൻ തൂക്കവും ഇന്ന് നടക്കും.ആറാട്ടോടെ 21 ദിനങ്ങൾ നീണ്ട ഉത്സവത്തിന് ഇന്ന് കൊടിയിറങ്ങും.ഇന്നലെ നടന്ന തെക്കേ ചേരുവാര ഉത്സവം ദർശിക്കാൻ ഭക്തരുടെ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്.അമ്മയെ കണ്ട് തൊഴുത് സായൂജ്യമടയാൻ പതിനായിരങ്ങളാണ് പുലർച്ചെ മുതൽ കണിച്ചുകുളങ്ങരയിലേയ്ക്ക് എത്തിയത്.കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും പ്രത്യേകം സർവീസുകൾ ഏർപ്പെടുത്തിയിരുന്നു.വൈകിട്ടോടെ കണിച്ചുകുളങ്ങര ക്ഷേത്രവും പരിസര പ്രദേശങ്ങളും ഭക്തജനങ്ങളെ കൊണ്ട് തിങ്ങി നിറഞ്ഞു.ദർശനത്തിന് എത്തിയവർക്കായി അഴികൾ കെട്ടി പ്രത്യേക സൗകര്യമൊരുക്കിയിരുന്നു.ദേവിയുടെ ഇഷ്ട വഴിപാടായ അരിക്കൂത്ത് വഴിപാടിന് ഇന്നലെ രാവിലെ 10ന് തുടക്കമായി.ആയിരക്കണക്കിന് കുട്ടികളാണ് അരിക്കൂത്ത് നടത്തിയത്.ആനകളെ ഒഴിവാക്കി പകരം ജീവതകൾ ഉപയോഗിച്ചാണ് കാഴ്ചശ്രീബലി നടന്നത്.ആലവട്ടത്തിന്റെയും വെഞ്ചാമരത്തിന്റെയും അകമ്പടിയോടെ അഞ്ച് ജീവതകൾ തിടമ്പേ​റ്റിയും രണ്ടെണ്ണം അകമ്പടിയായുമാണ് കാഴ്ചശ്രീബലി നടത്തിയത്.രാത്രി നടന്ന വർണ മനോഹരമായ കരിമരുന്ന് പ്രകടനം ദൃശ്യവിസ്മയം ഒരുക്കി.ആര്യൻ ഹരിദാസ് ചള്ളിയിലായിരുന്നു തെക്കേ ചേരുവാര ഉത്സവ പ്രസിഡന്റ്.
വടക്കേചേരുവാര മഹോത്സവ ദിനമായ ഇന്ന് ചരിത്ര പ്രസിദ്ധമായ തിരിപിടുത്തവും ഗരുഢൻ തൂക്കവും നടക്കും.രാത്രി 9ന് നടക്കുന്ന തിരിപിടുത്തത്തിൽ സ്ത്രീകളും കുട്ടികളും പുരുഷൻമാരുമടക്കം പതിനായിരക്കണക്കിന് ഭക്തരാണ് പങ്കെടുക്കുന്നത്.ഇത്രയും ഭക്തർ ഒന്നിച്ച് തിരിപിടുത്തത്തിൽ പങ്കെടുക്കുന്നത് കണിച്ചുകുളങ്ങരയിലെ മാത്രം പ്രത്യേകതയാണ്. ദിവസങ്ങളോളം വൃതമെടുത്താണ് ഭക്തർ ചടങ്ങിൽപങ്കെടുക്കുന്നത്.കൊതുമ്പ് ചെറുതായി നീളത്തിൽ കീറി വെള്ളതുണി ചു​റ്റി അതിൽ എണ്ണ ഒഴിച്ച് ക്ഷേത്ര കുളത്തിൽ മുങ്ങിക്കുളിച്ച് തിരി കത്തിച്ച് ഈറനോടെ ക്ഷേത്രത്തെ വലംവെയ്ക്കും.രാത്രി 10ന് ഗാനമേള.
പുലർച്ചെ ഒന്നിനാണ് അതി വിശിഷ്ടമായ ഗരുഡൻ തൂക്കം വഴിപാട് നത്. ക്ഷേത്രത്തിന്റെ തെക്കേ തെരുവിൽ കുരുത്തോലകൾ കൊണ്ട് മനോഹരമായി അലങ്കരിച്ച ചാടിലാണ് ഗരുഡൻ തൂക്കം നടക്കുന്നത്.നാലു വലിയ മര ചക്രങ്ങൾ ഘടിപ്പിച്ച രഥത്തിൽ വൈദ്യുത ബൾബുകളുടെ അലങ്കാരവും ഒരുക്കും.പുലർച്ചെ നാലോടെ ഗരുഡൻതൂക്കം ദേവീ നടയിൽ സമർപ്പിക്കും.കെ.ജാസി പൊഴിക്കലാണ് ഗരുഢൻതൂക്കം വഴിപാടായി സമർപ്പിക്കുന്നത്.പുലർച്ചെ 5ന് ആറാട്ടോടെ ഉത്സവത്തിന് കൊടിയിറങ്ങും.ഡി.ബിനുമോൻ പുതിയാവെളിയാണ് വടക്കേ ചേരുവാര ഉത്സവ പ്രസിഡന്റ്.കുരുതി ദിവസമായ 22നാണ് ചിക്കരക്കുട്ടികൾ കളം പിരിയുന്നത്.