മാവേലിക്കര: കുംഭഭരണി ആഗതമായതോടെ ഓണാട്ടുകരയിൽ ഇനി തിരക്കിന്റെ നാളുകളാണ്. കരകളിലെങ്ങും ജനങ്ങളൊന്നാകെ കെട്ടുകാഴ്ച നിർമ്മാണത്തിൽ മുഴുകുമ്പോൾ കാഴ്ചകൾ കാണാനും കുതിരമൂട്ടിൽ കഞ്ഞി കുടിക്കാനും നാടിന്റെ നാനാ ഭാഗത്തുനിന്നുള്ളവർ ചെട്ടികുളങ്ങരയിലേക്ക് ഒഴുകിയെത്തും. കരയിലെ പുരുഷാരത്തിന്റെ കൈമെയ് മറന്നുള്ള അദ്ധ്വാനമാണ് ഓരോ കെട്ടുകാഴ്ചയ്ക്കും പിന്നിലുള്ളത്. ഭരണി നാളിൽ ഇവ ക്ഷേത്രസന്നിധിയിൽ എത്തിച്ച് ദേവിയെ വണങ്ങുന്നതുവരെ ഇവർക്കിനി വിശ്രമമില്ല.
കുത്തിയോട്ട വീടുകളിൽ ആദ്യദിവസങ്ങളിൽ തന്നെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ചെട്ടികുളങ്ങര ക്ഷേത്രത്തിന് സമീപത്തായി നാല് കുത്തിയോട്ടങ്ങളാണ് ഇക്കൊല്ലം ഉള്ളത്. ഉച്ചക്കുള്ള വഴിപാട് സദ്യ കഴിക്കാനും വൈകിട്ട് കുത്തിയോട്ട ചുവടും പാട്ടും കാണാനും കേൾക്കാനും എത്തുന്നത് പതിനായിരങ്ങളാണ്.
കുതിരമൂട്ടിൽ കഞ്ഞി
കുതിരമൂട്ടിൽ കഞ്ഞി കുടിക്കാൻ വൻ ഭക്തജനത്തിരക്കാണ്. ദേവി ആദ്യം ചെട്ടികുളങ്ങരയിൽ എത്തിയപ്പോൾ കഴിച്ച ആഹാരം കഞ്ഞിയും മുതിരപ്പുഴുക്കും അസ്ത്രവുമാണെന്നാണ് ഐതിഹ്യം. പിന്നീട് ഓണാട്ടുകരയിലെ കർഷക സമൂഹം തങ്ങളുടെ വിളകളിൽ പ്രധാനമായ അരി, ചേന, കാച്ചിൽ, ചേമ്പ്, മുതിര തുടങ്ങിയവ കൊണ്ടുണ്ടാക്കുന്ന വിശിഷ്ട വിഭവം ആഘോഷനാളുകളിൽ തങ്ങളുടെ എല്ലാമെല്ലാമായ ഭഗവതിയ്ക്കായി നേദിക്കുന്നു എന്നതാണ് കുതിരമൂട്ടിൽ കഞ്ഞിയുടെ സങ്കല്പം.
കെട്ടുകാഴ്ച നിർമ്മാണത്തോടനുബന്ധിച്ചു നടത്തുന്ന അന്നദാന വഴിപാടാണ് കുതിരമൂട്ടിൽ കഞ്ഞി. കെട്ടുകാഴ്ച നിർമ്മാണം തുടങ്ങിയ ശിവരാത്രി നാൾ മുതൽ കുതിരമൂട്ടിൽ കഞ്ഞി വിതരണം തുടങ്ങി. കഞ്ഞി, മുതിര, പുഴുക്ക് അസ്ത്രം, കടുമാങ്ങ, പപ്പടം, അവിൽ, പഴം തുടങ്ങി എട്ടുകൂട്ടം വിഭവങ്ങളാണ് കഞ്ഞിക്ക് കൊടുക്കുന്നത്. കഞ്ഞികുടിയ്ക്കാൻ പഴയകാലത്തെ ഇലയും തടയും പ്ലാവിലയുമാണ് ഉപയോഗിക്കുന്നത്. ഓലക്കാലുകൊണ്ട് വൃത്താകൃതിയിൽ ഉണ്ടാക്കുന്ന തടയിൽ തൂശനിലവെച്ചാണ് ചൂട് കഞ്ഞി വിളമ്പുന്നത്.
കൊഞ്ചുംമാങ്ങ
ഓണാട്ടുകരയിലെ ഭവനങ്ങളിൽ കുംഭഭരണി ദിവസം ഉച്ചയൂണിന് പ്രധാന വിഭവം കൊഞ്ചുംമാങ്ങയാണ്. ഉണങ്ങിയ കൊഞ്ചും മാങ്ങയും ചേർത്തുണ്ടാക്കുന്ന കറി കുംഭഭരണി നാളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത വിഭവമാണ്. കുംഭഭരണിയടുത്തതോടെ കൊഞ്ചും മാങ്ങയും കടകളിൽ സുലഭമായി ലഭിക്കുന്നുണ്ട്.
കുംഭഭരണിയും കൊഞ്ചും മാങ്ങയും തമ്മിലുളള ബന്ധത്തിന് പിന്നിൽ കുത്തിയോട്ടവുമായി ബന്ധപ്പെട്ട ഒരു കഥയുണ്ട്. കൊഞ്ചും മാങ്ങയും ചേർത്തുളള കറി പാചകം ചെയ്ത്‌കൊണ്ടിരുന്ന വീട്ടമ്മ കറി കരിയാതെ നോക്കണമെന്ന് ദേവിയോട് പ്രാർത്ഥിച്ചിട്ട് കുത്തിയോട്ട ഘോഷയാത്ര കാണാൻ പോയി. കുത്തിയോട്ട വരവ് കണ്ടുനിന്ന് അടുപ്പത്തിരുന്ന കറിയുടെ കാര്യം മറന്ന വീട്ടമ്മ നേരമേറെക്കഴിഞ്ഞപ്പോൾ കറി കരിഞ്ഞുകാണുമെന്ന് ഭയന്ന് ഓടിയെത്തിയപ്പോൾ കൊഞ്ചും മാങ്ങാക്കറി പാകമായിരിക്കുന്നതാണ് കണ്ടത്. ഇത് നാട്ടിലാകെ പ്രചരിച്ചു. ഇതോടെ കൊഞ്ചുംമാങ്ങ കരകളിലെ ഇഷ്ടവിഭവമായി.
കരകളും കെട്ടുകാഴ്ചകളും
1. ഈരേഴ തെക്ക് -കുതിര 2. ഈരേഴ വടക്ക് -കുതിര 3. കൈത തെക്ക് -കുതിര 4. കൈത വടക്ക് - കുതിര 5. കണ്ണമംഗലം തെക്ക് -തേര് 6. കണ്ണമംഗലം വടക്ക് -തേര് 7. പേള - കുതിര 8. കടവൂർ - തേര് 9.ആഞ്ഞിലിപ്ര - തേര് 10.മറ്റം വടക്ക് - ഭീമൻ 11. മറ്റം തെക്ക് - ഹനുമാൻ, പാഞ്ചാലി 12. മേനാമ്പള്ളി - തേര് 13. നടയ്ക്കാവ് - കുതിര.
750 പൊലീസുകാർ
ചെട്ടികുളങ്ങര കുംഭഭരണിയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളെ ഏകോപിച്ച് പ്രവർത്തിപ്പിക്കുവാൻ കുംഭഭരണി അവലോകന യോഗം തീരുമാനം. 750 പൊലീസുകാരുടെ സേവനം ലഭ്യമാക്കും. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തിനനുസരിച്ച് ചെങ്ങന്നൂർ, കായംകുളം ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിലാകും പൊലീസിന്റെ സേവനം. പിങ്ക് പൊലീസിന്റെ ഉൾപ്പെടെ പട്രോളിംഗ് ഉണ്ടാകും.
എക്സൈസ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കും. 13 കരകളിലും പ്രത്യേക പട്രോളിംഗ് നടത്തും. ആരോഗ്യ വകുപ്പ് ആംബുലൻസ് സൗകര്യം ഒരുക്കും. ഫയർ ആൻഡ് റെസ്ക്യൂവിന്റെ സേവനം പൂർണ സമയം ഉണ്ടാകും. ശുദ്ധജല ലഭ്യത ഉറപ്പുവരുത്താനും തീരുമാനമായി. ഭരണിയുടെ തിരക്ക് പരിഗണിച്ച് ഗതാഗത നിയന്ത്രണമുണ്ടാകും. വാഹന പാർക്കിംഗ് അനുവദിക്കാത്ത ഇടങ്ങളിൽ ബോർഡുകൾ സ്ഥാപിക്കും. ആവശ്യമായ ക്രമീകരണങ്ങൾക്കായി 25ന് കരനാഥന്മാരുടെ യോഗം മാവേലിക്കര മുനിസിപ്പൽ ലൈബ്രറി ഹാളിൽ ചേരും.
കുംഭഭരണി അവലോകന യോഗങ്ങളിൽ തുടർച്ചയായി ജില്ലാ കളക്ടർ പങ്കെടുക്കാത്തതിൽ വിമർശനം ഉയർന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി കളക്ടർ അവലോകന യോഗത്തിൽ പങ്കെടുക്കുന്നില്ല. വെറും ചടങ്ങ് മാത്രമായി യോഗത്തെ മാറ്റുന്നതായും അംഗങ്ങൾ ചൂണ്ടിക്കാട്ടി. ജില്ലാ കളക്ടറോട് യോഗത്തിൽ പങ്കെടുക്കണമെന്ന് നിർദേശിച്ചിരുന്നതായും എന്നിട്ടും പങ്കെടുക്കാതിരുന്നത് ഗൗരവമായി കാണുന്നുവെന്നും ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും യു.പ്രതിഭ എം.എൽ.എ പറഞ്ഞു. ജില്ലാ കളക്ടറുടെ ഓഫീസിൽ നിന്നും അറിയിച്ചിട്ടും പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ആർ.ടി.സി, ആർ.ടി.ഒ, ജല അതോറിറ്റി എന്നീ വകുപ്പുകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തില്ല.
അവലോകന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കൃഷ്ണമ്മ അധ്യക്ഷയായി. ആർ.രാജേഷ് എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘു പ്രസാദ്, ജില്ലാ പഞ്ചായത്തംഗം ജേക്കബ് ഉമ്മൻ, ഗ്രാമപഞ്ചായത്തു വൈസ് പ്രസിഡന്റ് സി.സുധാകരക്കുറുപ്പ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജി.രാജു, സിന്ധു ദിവാകരൻ, ബ്ലോക്ക് പഞ്ചായത്തംഗം ശോഭാ രാജൻ, എ.ഡി.എം വി.ശശികുമാർ, ആർ.ഡി.ഒ ജി.ഉഷാകുമാരി, മാവേലിക്കര തഹസിൽദാർ എസ്.സന്തോഷ് കുമാർ, ഡെപ്യൂട്ടി തഹസിൽദാർ ജി.ബിനു, കായംകുളം ഡി.വൈ.എസ്.പി.ആർ.ബിനു, മാവേലിക്കര എസ്.ഐ പി.ടി.ജോണി, ദേവസ്വം എ.ഒ ദിലീപ് കുമാർ, ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ പ്രസിഡന്റ് എം.കെ.രാജീവ് തുടങ്ങിയവർ പങ്കെടുത്തു.