തണ്ണിമത്തനും പ്രിയം
ആലപ്പുഴ: കുലുക്കി സർബത്തിനെയും ഫുൾജാർ സോഡയെയും കടത്തിവെട്ടി ഇളനീരും കരിമ്പിൻ ജ്യൂസും തണ്ണിമത്തനും വഴയോര വിപണിയിൽ വീണ്ടും താരങ്ങളാകുന്നു. വെള്ളത്തിന്റെയും എെസിന്റെയും ഗുണനിലവാരത്തിലുള്ള ജനങ്ങളുടെ ആശങ്കയാണ് ഇവയ്ക്ക് തുണയാകുന്നത് . സർബത്ത് ഉൾപ്പെടെയുള്ള പാനീയങ്ങളിൽ ഉപയോഗിക്കുന്ന ഐസിനെപ്പറ്റി മുൻകാലങ്ങളിൽ വ്യാപക പരാതി ഉയർന്നിരുന്നു.
തമിഴ്‌നാട്ടിൽ നിന്നാണ് കരിക്ക് കൂടുതലായും എത്തുന്നത്.ഒന്നിന് 40 രൂപയാണ് ഇപ്പോൾ വില.
വേനൽ കനത്തതോടെ വഴയോരങ്ങളിലെല്ലാം കരിമ്പിൻ ജ്യൂസ് കടകളും സജീവമായി. പാലക്കാട്ട് നിന്നാണ് നഗരത്തലേക്ക് കരിമ്പ് എത്തുന്നത്. കരിമ്പിനൊപ്പം ഇഞ്ചിയും നാരങ്ങയും ചേർത്താണ് ജ്യൂസ് തയാറാക്കുന്നത്. വീടുകളിൽ നിന്ന് പാത്രങ്ങളുമായി വന്ന് കരിമ്പിൻ ജ്യൂസ് വാങ്ങിക്കൊണ്ട് പോകുന്നവരും ഉണ്ടെന്ന് വഴയോരക്കച്ചവടക്കാർ പറയുന്നു. ഒരു ഗ്ലാസ് ജ്യൂസിനു 30 രൂപയാണ് വില.
തമിഴ്നാട്ടിൽ നിന്നുമാണ് പ്രധാനമായും തണ്ണിമത്തൻ കേരളത്തിലേയ്ക്ക് എത്തുന്നത്. കിലോയ്ക്ക് 20രൂപ മുതൽ30 രൂപ വരെയാണ് വില. ജ്യൂസാക്കി നൽകുമ്പോൾ ഗ്ലാസൊന്നിന് 20 രൂപ കൊടുക്കണം. കുലുക്കി സർബത്തിൽ ചേർക്കുന്ന ചേരുവകൾ ശുദ്ധമല്ലെങ്കിൽ ബാക്ടീരീയബാധയുണ്ടാകാം. വയറിളക്കം,ഛർദി,മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ പിടിപെടാൻ സാദ്ധ്യതയുണ്ട്. കരിമ്പ് കഴുകാതെ തൊലികളഞ്ഞ് ജ്യൂസ് ഉണ്ടാക്കുന്നത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായേക്കാം.
എെസ് നീലയായില്ല!
കുലുക്കി സർബത്ത് ,പാൽ സർബത്ത്,പഴ ജ്യൂസുകൾ എന്നിവയിൽ ഉപയോഗിക്കുന്ന എെസിന്റെയും വെള്ളത്തിന്റെയും ഗുമമേന്മയെക്കുറിച്ച് ആരോഗ്യവകുപ്പിന് ആശങ്കയുണ്ട്. മീൻ കേടുകൂടാതെ സൂക്ഷിക്കുന്നതിനുൾപ്പെടെ ഉപയോഗിക്കുന്ന ഐസിന് നീലനിറമാക്കണമെന്ന് ദേശീയ ഭക്ഷ്യസുരക്ഷാ വിഭാഗം 2018ൽ നിർദ്ദേശം നൽകിയിരുന്നു. ഭക്ഷ്യാവശ്യത്തിനുള്ള ഐസിന് നിലവിലെ വെള്ളനിറവുമായിരിക്കണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ ഇൗ നിർദ്ദേശം കടലാസിൽ മാത്രം ഒതുങ്ങി. ഇത് നടപ്പായാൽ അനധികൃതമായി നടത്തുന്ന ഐസ് ഫാക്ടറികൾ പൂട്ടിക്കാനും ഐസിന്റെ ഗുണ നിലവാരം മെച്ചപ്പെടുത്താനും കഴിയും.
.....
വില
കരിക്ക്: ₹40
തണ്ണിമത്തൻ: ₹20-30
....
ജ്യൂസ് (ഗ്ളാസൊന്നിന് )
കരിമ്പ്: ₹ 30
തണ്ണിമത്തൻ: ₹ 20
.....
കച്ചവടക്കാർക്കുള്ള നിർദ്ദേശങ്ങൾ
ജ്യൂസ് തയ്യാറാക്കുമ്പോൾ കൈയുറകൾ ധരിക്കണം.
അഴുകിയ പഴവർഗങ്ങൾ ഉപയോഗിക്കാൻ പാടില്ല.
നേരത്തെ തയ്യാറാക്കി വച്ച ജ്യൂസുകൾ വില്പന നടത്തരുത്
സർബത്ത് ,ഷേക്ക് എന്നിവയിൽ ഉപയോഗിക്കുന്ന എസൻസ്,സിറപ് തുടങ്ങി എല്ലാ ചേരുവുകളുടെയും ബിൽ സൂക്ഷിക്കണം
എഫ്.എസ്.എസ്.എ.എെ രജിസ്ട്രേഷൻ നമ്പർ കടകളിൽ പ്രദർശിപ്പിക്കണം.
....
'' ഇത്തവണ പൊതുവേ ചൂട് കൂടുതലായതിനാൽ വഴിയോര ജ്യൂസ് കടകളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. ജനങ്ങൾ ഇത്തരം കടകളെ ആശ്രയിക്കുമ്പോൾ ശ്രദ്ധപുലർത്തണം. വൃത്തിഹീനമായ സ്ഥലത്ത് ഉണ്ടാക്കുന്ന പാനീയങ്ങൾ ഒഴിവാക്കണം. 20 ലിറ്റർ വാട്ടർ ബോട്ടിലിൽ പലപ്പോഴും പൊതു ടാപ്പിൽ നിന്നും മറ്റും വെള്ളം നിറച്ച് വിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
(ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതർ)