ആലപ്പുഴ: ജില്ലയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ എക്‌സൈസ് സംഘം നാഥനില്ലാതെ പിടികൂടിയത് 90 കിലോ കഞ്ചാവ്. ട്രെയി​നി​ൽ എത്തുന്ന കഞ്ചാവ് പി​ടി​കൂടുമ്പോഴാണ് ഉടമസ്ഥർ ഇരുളി​ൽ മറയുന്നത്. ഇതി​ന്റെ പരി​ണി​തഫലമായി​ കഞ്ചാവ് വരവ് നി​യന്ത്രണമി​ല്ലാത്ത തുടർക്കഥയാകുന്നു.

ഒട്ടുമിക്ക കേസുകളിലും വില്പനക്കാരെയോ ഇടനിലക്കാരെയോ പിടികൂടാൻ കഴിയുന്നില്ലെന്നത് അന്വേഷണം വഴി​മുട്ടി​ക്കുന്നു.

ആന്ധ്ര, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് യഥേഷ്ടം കഞ്ചാവ് എത്തുന്നത്.

കഴിഞ്ഞ ദിവസം ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ധൻബാദ് എക്‌സ് പ്രസിൽ നിന്ന് 60കിലോ കഞ്ചാവ് 'നാഥനി'ല്ലാതെ പിടിച്ചെടുത്തിരുന്നു.ഇതി​ന് ഇപ്പോഴത്തെ മാർക്കറ്റ് വില 60ലക്ഷത്തിലധികം രൂപ വരും. അന്വേഷണത്തിന് എക്സൈസ് സി.ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയെങ്കിലും പ്രതികളെ കുറിച്ച് ഒരു തരത്തിലുള്ള സൂചനയും ലഭിച്ചിട്ടില്ല.

സി​.സി​. ടി​വി​ ദൃശ്യം

കുടുക്കുമോ?

കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഷണ്ടിംഗ് തൊഴിലാളികളും കഞ്ചാവു മാഫിയകളുമായി രഹസ്യ ബന്ധമുണ്ടോ എന്നും പ്രത്യേക സംഘം നിരീക്ഷിച്ചു വരുന്നു. രാത്രി സമയങ്ങളിൽ എത്തുന്ന ട്രെയിനുകളിലാണ് കഞ്ചാവ് കൂടുതലായി എത്തുന്നത്. ഈ ട്രെയിൻ ക്ളീൻ ചെയ്യുന്ന സമയത്ത് കഞ്ചാവു ബാഗുകൾ മാഫികൾക്ക് കൈമാറുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളിലെ സി.സി.ടി വി കാമറാ ദൃശ്യങ്ങൾ പരിശോധനാ സംഘം കഴിഞ്ഞ ദിവസം റെയിൽവേയോട് ആവശ്യപ്പെട്ടു.

#ആന്ധ്രയിൽ കഞ്ചാവിന്റെ സീസൺ

സീസൺ ആയതിനാൽ കിലോയ്ക്ക് 2,000 മുതൽ 12,000 രൂപ വരെയുള്ള കഞ്ചാവ് ആന്ധ്രയിൽ യഥേഷ്ടം ലഭിക്കും. ശീലാവതി ഇനത്തിൽ പെട്ട കഞ്ചാവ് ആണ് കൂടുതലായി എത്തുന്നത്. ആലപ്പുഴയിലെത്തുന്ന ടൂറിസ്റ്റുകളെയാണ് കഞ്ചാവ് മാഫിയ ലക്ഷ്യമി​ടുന്നത്. ആന്ധ്ര വഴിയെത്തുന്ന ധൻബാദ് എക്‌സ്പ്രസ് കഞ്ചാവ് കടത്തുകാരുടെ ഇഷ്ടവണ്ടിയാണ്. അതുകൊണ്ടുതന്നെ ഈ ട്രെയിനിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ് പൊലീസും എക്‌സൈസും. എക്‌സൈസിനൊപ്പം ആർ.പി.എഫും സംയുക്തമായി മുഴുവൻ ബോഗികളിലും പരതിയാണ് കഴിഞ്ഞ ദിവസം കഞ്ചാവ് കണ്ടെടുത്തത്.

# നിരോധിത പുകയില ഉത്പന്നങ്ങളും

ഒഴുകുന്നു

പൊലീസിന്റെയും എക്സൈസിന്റെയും പരിശോധന ശക്തമായി തുടരുമ്പോഴും കഞ്ചാവ് പോലെ തന്നെ നിരോധിത പുകയില ഉത്പന്നങ്ങൾ ജില്ലയിലേക്കൊഴുകുന്നു.ട്രെയിനിലൂടെയും അന്തർ സംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിലൂടെയുമാണ് ജില്ലയിലേക്ക് ലഹരി സാധനങ്ങളുടെ ഒഴുക്ക്.നഗരത്തിൽ നിന്ന് പൊലീസും എക്സൈസും നടത്തിയപരിശോധനയിൽ ലക്ഷകണക്കിന് രൂപയുടെ പുകയില ഉത്പന്നങ്ങളാണ് ഒരു വർഷത്തിനിടെ പിടിച്ചത്.
തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് ലഹരി സാധനങ്ങളുടെ വരവ്. പുകയില ഉത്പന്നങ്ങൾ കൂടാതെ കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും വരവും കൂടിയിട്ടുണ്ട്. വിദ്യാലയങ്ങൾ, ആരാധനാലയങ്ങളുടെ പരിസരം, ബീച്ച്, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് സംഘം വിലസുന്നത്.

കഞ്ചാവുമായി ബന്ധപ്പെട്ട് കർശന നിയന്ത്രണങ്ങളും ശിക്ഷകളുമാണ് നിയമത്തിലുള്ളത്. കഞ്ചാവ് കൈവശം വയ്ക്കുന്നതും കടത്തുന്നതും പരമാവധി 20 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. സമാനമായ മുൻ കേസുകളിൽപ്പെട്ട പ്രതികൾക്ക് വർദ്ധിച്ച ശിക്ഷയും കോടതി നൽകാറുണ്ട്. കഞ്ചാവ് വിൽപനയിലൂടെ സ്വരൂപിച്ച പണമുപയോഗിച്ച് സ്വന്തമാക്കുന്ന വസ്തുവകകൾ സർക്കാരിലേക്ക് കണ്ടുകെട്ടാനുള്ള വ്യവസ്ഥകളും നിയമത്തിലുണ്ട്.

എക്‌സൈസ് അധികൃതർ