ചേർത്തല:ചിക്കരക്കുട്ടികളുടെ പൂങ്കാവനമായ കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിലെ 21 ദിനരാത്രങ്ങൾ നീണ്ട ഉത്സവത്തിന് ആറാട്ടോടെ കൊടിയിറങ്ങി.5000ത്തോളം ചിക്കരക്കുട്ടികളും അവരുടെ രക്ഷിതാക്കളുമടക്കം ലക്ഷങ്ങളാണ് ഉത്സവ ദിനങ്ങളിൽ ക്ഷേത്രത്തിലെത്തിയത്.
പ്രധാന ദിനങ്ങളായ വടക്ക്-തെക്ക് ചേരുവാര ഉത്സ ദിവസങ്ങളിൽ ഭക്തലക്ഷങ്ങൾ ഒഴുകിയെത്തി.തിരക്ക് നിയന്ത്രിക്കുന്നതിന് ഭക്തർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുന്നതിനും ഗതാഗത തടസം നീക്കുന്നതിനുമായി ദേവസ്വം വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്.പൊലീസ്,അഗ്നിശമന സേന,വിവിധ സർക്കാർ വകുപ്പുകൾ,വാളണ്ടിയർമാർ അടക്കം ഭക്തർക്ക് സഹായവുമായി ഉണ്ടായിരുന്നു.നയനമനോഹരമായ കരിമരുന്ന് പ്രയോഗമായിരുന്നു പ്രധാന ദിനങ്ങളിലെ ആകർഷണം.ചരിത്ര പ്രസിദ്ധമായ ദീപക്കാഴ്ചയിൽ ആയിരങ്ങളാണ് പങ്കാളികളായത്.പുലർച്ചെ തെക്കേ തെരുവിൽ നിന്ന് ആരംഭിച്ച ഗരുഡൻ തൂക്കം മണിക്കൂറുകൾ കൊണ്ടാണ് ക്ഷേത്രനടയിലെത്തിയത്.
പൊലീസുമായി സഹകരിച്ച് ക്ഷേത്ര പരിസരം പൂർണമായും കാമറ നിരീക്ഷണത്തിലാക്കിയിരുന്നു.പ്രധാന ദിനങ്ങളിൽ കെ.എസ്.ആർ.ടി.സി,സ്വകാര്യ ബസുകളും കണിച്ചുകുളങ്ങരയിലേയ്ക്ക് പ്രത്യേക സർവീസ് നടത്തി.20ന് രാവിലെ ആരംഭിച്ച അരിക്കൂത്ത് വഴിപാടിന് ആയിരങ്ങളാണ് എത്തിയത്.ഇന്ന് രാവിലെ 11 വരെ അരിക്കൂത്ത് വഴിപാട് തുടരും.തെക്കേ ചേരുവാര ഉത്സവ പ്രസിഡന്റ് ആര്യൻ ഹരിദാസ് ചള്ളിയിലും വടക്കേ ചേരുവാര പ്രസിഡന്റ് ഡി.ബിനുമോൻ പുതിയാവെളിയുമായിരുന്നു.പ്രഭാഷ് ബാഹുലേയൻ മാടത്താനിൽ ആയിരുന്നു വാളണ്ടിയർ ക്യാപ്റ്റൻ.ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള ഭരണസമിതി വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി,സെക്രട്ടറി പി.കെ.ധനേശൻ പൊഴിക്കൽ,ജോയിന്റ് സെക്രട്ടറി വി.കെ.മോഹനദാസ്,ഖജാൻജി കെ.കെ.മഹേശൻ,കമ്മിറ്റി അംഗങ്ങളായ പി.ജയപ്രകാശപണിക്കർ,കെ.വി.കമലാസനൻ,സി.എസ്.സ്വാമിനാഥൻ,പി.സി.വാവക്കുഞ്ഞ്,അനിൽ ബാബു കൊച്ചുകുട്ടൻ,പി.ജി.പവിത്രൻ,എം.പീതാംബരൻ,സ്കൂൾ മാനേജർ ഡി.രാധാകൃഷ്ണൻ,കമ്മിറ്റി അംഗങ്ങളായ പി.പ്രകാശൻ,പി.ശിവാനന്ദൻ,കെ.വി.വിജയൻ എന്നിവർ ഉത്സവപരിപാടികൾക്ക് നേതൃത്വം നൽകി.28നാണ് ഏഴാംപൂജ മഹോത്സവം.
ഹരിതം സുന്ദരം
പൂർണമായും ഹരിത ചട്ടം പാലിച്ചായിരുന്നു ഈ വർഷത്തെ ഉത്സവ നടത്തിപ്പ്.സർക്കാരിന്റെ നിയമങ്ങൾ പാലിച്ചും പ്ലാസ്റ്റിക്ക് ഉൾപ്പെടെ ഒഴിവാക്കിയുമായിരുന്നു ആഘോഷം.ചിക്കര കുട്ടികൾക്കും ഒപ്പമുള്ളവർക്കും ഒറ്റയടുപ്പിൽ 5 നേരം ഭക്ഷണം പാകംചെയ്ത് വിതരണം ചെയ്യാനായത് നേട്ടമായി.പരീക്ഷണാർത്ഥം ആരംഭിച്ച ഭക്ഷണ വിതരണം പരാതികളില്ലാതെ വിജയത്തിലെത്തിക്കാനായത് ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ നേട്ടമായി. ഉത്സവ നടത്തിപ്പിന് സർക്കാർ സഹായം ഏകോപിപ്പിച്ചതിന് നേതൃത്വം നൽകിയ മന്ത്രി ജി.സുധാകരനെ കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ ക്ഷേതാങ്കണത്തിൽ നടന്ന ചടങ്ങിൽ ആദരിച്ചിരുന്നു.