s

ആലപ്പുഴ : ജില്ലയുടെ റോഡ് വികസനത്തിൽ നാഴികക്കല്ലായി അമ്പലപ്പുഴ - തിരുവല്ല റോഡ്. അമ്പലപ്പുഴ,കുട്ടനാട്,തിരുവല്ല മണ്ഡലങ്ങളിലൂടെ കടന്നുപോകുന്നതാണ് റോഡ്. അമ്പലപ്പുഴ മുതൽ പൊടിയാടി വരെ 22.56 കി.മി. ദൂരത്തിലാണ് അന്തർദ്ദേശീയ നിലവാരത്തിൽ റോഡ് പുനർനിർമ്മിച്ചത്. റോഡിന്റെ പൊടിയാടി ഭാഗത്തെ ഉദ്ഘാടനം ഇന്നലെ മന്ത്രി ജി.സുധാകരൻ നിർവഹിച്ചു. അമ്പലപ്പുഴ ഭാഗത്തെ ഉദ്ഘാടനം നാളെ നടക്കും. മലയോര ഗ്രാമങ്ങളെ തീരദേശവുമായി ബന്ധിപ്പിക്കുന്ന പാതയാണിത്. അമ്പലപ്പുഴ, കുട്ടനാട്, തിരുവല്ല നിയോജകമണ്ഡലത്തിലൂടെ കടന്നു പോകുന്ന റോഡ് പ്രളയത്തെ അതിജീവിക്കാവുന്ന തരത്തിലാണ് നിർമ്മിച്ചിട്ടുള്ളത്. മണ്ണിന്റെ ഘടന കാരണം പലപ്പോഴും പൊട്ടിപ്പൊളിഞ്ഞിരുന്ന ഈ റോഡ് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ നിർദ്ദേശ പ്രകാരമാണ് ഉന്നത നിലവാരത്തിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പുനർനിർമ്മിച്ചത്. അമ്പലപ്പുഴ കച്ചേരിമുക്ക് മുതൽ കിഴക്കേനട വരെ 15 മീറ്റർ വീതിയിലും തകഴിയിൽ 12 മീറ്റർ വീതിയിലും എടത്വ, നീരേറ്റുപുറം എന്നിവിടങ്ങളിൽ 13 മീറ്റർ വീതിയിലുമാണ് ടാറിംഗ്. അമ്പലപ്പുഴ കിഴക്കേനട മുതൽ കച്ചേരിമുക്ക് വരെ ഫുട്പാത്ത്, ടൈൽസ് എന്നിവയും ഒരുക്കി. 4.5കി.മി. ഭാഗം കയർ ഭൂവസ്ത്രം ഉപയോഗിച്ചാണ് പുനർനിർമ്മിച്ചത്. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് ചുറ്റുമായി 837 മീറ്റർ നീളത്തിൽ റിംഗ് റോഡും പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചു. അമ്പലപ്പുഴ കച്ചേരിമുക്ക് മുതൽ കിഴക്കേ നട വരെയും തകഴി, എടത്വ, നീരേറ്റുപുറം, നെടുമ്പ്രം സ്‌കൂൾ എന്നിവിടങ്ങളിലും 4938.66 മീറ്റർ നീളത്തിൽ ഹാൻഡ് റെയിൽ ഉൾപ്പടെ ഫുട്പാത്തും നിർമ്മിച്ചു. അമ്പലപ്പുഴ ക്ഷേതം പടിഞ്ഞാറേ നട, വടക്കേ നട, കരുമാടി, എടത്വ, നീരേറ്റുപുറം എന്നിവിടങ്ങളിൽ 2337.7 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ റോഡിന്റെ വശങ്ങളിൽ ഇന്റർലോക്ക് ടൈൽസും ആവശ്യമായ സ്ഥലങ്ങളിൽ 1830മീറ്റർ നീളത്തിൽ സംരക്ഷണഭിത്തി, 10.4 കി.മി. ദൂരത്തിൽ ഡ്രെയിനേജ് എന്നിവയും നിർമ്മിച്ചിട്ടുണ്ട്. അമ്പലപ്പുഴ - തിരുവല്ല റോഡ് നിർമ്മാണ ചെലവ് 70.75 കോടി  സർക്കാരിന്റെ 2016-17 ബഡ്ജറ്റിൽ ഉൾപ്പെടുത്തി കിഫ്ബി വഴിയാണ് റോഡിന്റെ പുനർ നിർമ്മാണം. റോഡ് സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി തെർമ്മോപ്ലാസ്റ്റിക് പെയിന്റ്, ഡയറക്ഷൻ ആന്റ് സൈൻ ബോർഡ്സ്, റിഫ്ളക്ടീവ് സ്റ്റ്ഡ്, 1829 മീറ്റർ നീളത്തിൽ ക്രാഷ് ബാരിയർ എന്നിവയും സ്ഥാപിച്ചു . മൂന്ന് വർഷത്തെ ഗ്യാരണ്ടിയോടെയാണ് നിർമ്മാണം. ശബരിമല തീർത്ഥാടകർക്ക് ഉപകാരപ്രദം ശബരിമല തീർത്ഥാടകർക്ക് വളരെയധികം പ്രയോജനപ്പെടുന്നതാണ് അമ്പലപ്പുഴ - തിരുവല്ല റോഡ്. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്നും ശബരിമലയിലേക്കുള്ള ഏക സംസ്ഥാന പാതയും ഇതാണ്. കുട്ടനാടിന്റെ സൗന്ദര്യമാസ്വദിക്കാനെത്തുന്ന വിദേശികളുൾപ്പടെയുള്ള സഞ്ചാരികളുടേയും പ്രധാന പാതയാണിത്.