a

മാവേലിക്കര: ചെട്ടികുളങ്ങര കുംഭഭരണി മഹോത്സവത്തിന് തുടക്കമായി. 29നാണ് ഈ വർഷത്തെ കുംഭഭരണി ആഘോഷം. ഇന്നലെ രാവിലെ കരനാഥൻമാർ ക്ഷേത്രത്തിലെത്തി ദേവിയെ വണങ്ങി കാണിക്ക സമർപ്പിച്ച് പുണ്യാഹം വാങ്ങിയശേഷം തിരികെ കരകളിൽ എത്തി രാവിലെ 9.46നും 10.15 നും മദ്ധ്യേ കെട്ടൊരുക്ക് ഉരുപ്പടികൾ പുറത്തെടുത്ത് തീർത്ഥം തളിച്ച് നിർമ്മാണ പ്രവർത്തനം ആരംഭിച്ചു. ഈ വർഷം ശിവരാത്രി നാൾ തുടങ്ങി 9 ദിവസമാണ് കുംഭഭരണി മഹോത്സവം നടക്കുന്നത്. ഇന്നലെ മുതൽ കുതിരമൂട്ടിൽ കഞ്ഞി വിതരണം തുടങ്ങി.

ചെട്ടികുളങ്ങര അമ്മയുടെ ഇഷ്ട വഴിപാടായ കുത്തിയോട്ടത്തിനും തുടക്കം കുറിച്ചു. ഇന്നലെ രാവിലെ ക്ഷേത്രദർശനം നടത്തി വഴിപാടുകാർ നേർച്ചക്കുട്ടികളെ ദത്തെടുത്തു. തുടർന്ന് വഴിപാടുകാരനും കുത്തിയോട്ട ആചാര്യനും ചേർന്ന് കുതിരച്ചുവട്ടിൽ വെ​റ്റിലയും പുകയിലും അടയ്ക്കയും നാണയവും ദക്ഷിണയായി സമർപ്പിച്ച് കരക്കാരെ കുത്തിയോട്ടത്തിന് ക്ഷണിച്ചു. സന്ധ്യയ്ക്ക് പന്തലിൽ വിളക്ക് വയ്പ്പ് ചടങ്ങു നടക്കുന്നതോടെ ഈ വർഷത്തെ കുത്തിയോട്ട ചുവടുകൾക്ക് തുടക്കം കുറിച്ചു. രേവതിനാളായ 27 വരെ കുത്തിയോട്ട ചുവടുകൾ നടക്കും. വിശ്രമ ദിനമായ അശ്വതിക്ക് വഴിപാടു സദ്യയുണ്ടാവും. നേർച്ച കുട്ടികളുടെ കോതുവെട്ട് ചടങ്ങ് രാത്രിയിൽ നടക്കും. ഭരണി നാളിൽ പുലർച്ചെ പൂജകൾക്ക് ശേഷം ഘോഷയാത്രയായി ക്ഷേത്രത്തിലെത്തി കുത്തിയോട്ടം ദേവിക്ക് സമർപ്പിക്കുന്നതോടെ കുത്തിയോട്ട ചടങ്ങുകൾക്ക് പരിസമാപ്തിയാവും.

പോളവിളക്കിന്റെ ദിവ്യ പ്രഭയിൽ പിതൃപുത്രി സംഗമം

മാവേലിക്കര: കണ്വമുനിയാൽ പ്രതിഷ്ഠ നടത്തപ്പെട്ട ക്ഷേത്രമാണ് കണ്ണമംഗലം മഹാദേവ ക്ഷേത്രം. കണ്ണമംഗലം തെക്ക് കരയിലെ മഹാദേവൻ ചെട്ടികുളങ്ങര അമ്മയുടെ പിതൃസ്ഥാനീയനാണ്. പിതാവിനെ ദർശിക്കാൻ മഹാശിവരാത്രി നാളിൽ ചെട്ടികുളങ്ങര ദേവിയെത്തിയതോടെ കണ്ണമംഗലം മഹാദേവക്ഷേത്രം മഹാദേവന്റെയും ചെട്ടികുളങ്ങര ദേവിയുടെയും സംഗമവേദിയായി. അച്ഛനും മകളും ഒന്നിച്ചിരുന്നാണ് അത്താഴപൂജ സ്വീകരിച്ചത്. ചെട്ടികുളങ്ങര അമ്മയെ വൈകിട്ട് പാട്ടത്തിൽ ജംഗ്ഷനിൽ നിന്ന് കണ്ണമംഗലം ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു. രാത്രി കണ്ണമംഗലം ക്ഷേത്രത്തിലെ നാല് കരകളിൽ നിന്ന് പോളവിളക്ക് വരവിന് ശേഷമാണ് പിതൃപുത്രി സംഗമവും കൂടിയെഴുന്നള്ളത്തും നടന്നത്. അത്താഴപൂജയെ തുടർന്ന് നാലുഭാഗത്തും തെളിഞ്ഞു കത്തുന്ന പോളവിളക്കിന്റെ ദിവ്യ പ്രഭയിലാണ് കൂടിയെഴുന്നള്ളത്ത് നടന്നത്.

ശ്രീദേവി വിലാസം ഹിന്ദുമതകൺവൻഷൻ

തിരുവിതാംകൂർ ദേവസ്വംബോഡിന്റെ കീഴിൽ ശബരിമല കഴിഞ്ഞാൽ ഏ​റ്റവും കൂടുതൽ ഭക്തജനത്തിരക്കും വരുമാനവുമുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ് ചെട്ടികുളങ്ങര. ക്ഷേത്രവുമായി ബന്ധപ്പെട്ട 13 കരകളുടേയും ഏകീകൃത സംഘടനയാണ് ശ്രീദേവിവിലാസം ഹിന്ദുമത കൺവൻഷൻ. ക്ഷേത്രത്തിന്റെ താന്ത്രിക ചുമതല വഹിക്കുന്നത് തന്ത്രിയും ഭരണ ചുമതല വഹിക്കുന്നത് ദേവസ്വം ബോർഡുമാണെങ്കിലും ക്ഷേത്രത്തിലെ ചടങ്ങുകളുടേയും ആത്മീയ കാര്യങ്ങളിലെയും ദൈനംദിന പ്രവർത്തനങ്ങളിലെയും അന്തിമവാക്ക് ശ്രീദേവി വിലാസം ഹിന്ദുമതകൺവൻഷനാണ്. 1957 മുതലാണ് കൺവൻഷൻ പ്രവർത്തനം ആരംഭിച്ചത്. ക്ഷേത്രാവകാശികളായ 13 കരകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു വരുന്നവരിൽ നിന്ന് തിരഞ്ഞെടുത്ത ഭരണ സമിതിയാണ് ഹിന്ദുമതകൺവൻഷൻ.

ക്ഷേത്രത്തിലെ പ്രധാനപ്പെട്ട വിശേഷങ്ങളായ കുംഭഭരണി, എതിരേൽപ്പ്, അശ്വതി മഹോത്സവം, നവരാത്രി ഉത്സവം, 101 കലം പൊങ്കാല, കൈനീട്ടപ്പറ, പറയെടുപ്പ്, അന്നദാന വഴിപാട് തുടങ്ങി എല്ലാ ചടങ്ങുകളും നടത്താൻ നേതൃത്വം നൽകുന്നത് കൺവൻഷനാണ്. കുംഭഭരണി ഉത്സവത്തിന് അന്തർദേശീയ അംഗീകാരം നേടിയെടുക്കാൻ യുണെസ്‌കോ സംഘത്തെ ചെട്ടികുളങ്ങരയിൽ എത്തിച്ചതും കുംഭഭരണി നാളിൽ വൈദ്യുതി മുടക്കം പഴങ്കഥയാക്കികൊണ്ട് ഭുഗർഭകേബിൾ പ്രാവർത്തികമാക്കിയതും കൺവൻഷന്റെ ശ്രമത്താലാണ്. 18 പുരാണങ്ങളും രണ്ട് ഇതിഹാസങ്ങളും മഹായജ്ഞങ്ങളായി പൂർത്തീകരിച്ച ഭാരതത്തിലെ ഏകക്ഷേത്രമെന്ന ഖ്യാതി ചെട്ടികുളങ്ങര ക്ഷേത്രത്തിന് നേടിക്കൊടുത്തതും ഹിന്ദുമത കൺവൻഷനാണ്.

എം.കെ രാജീവ് (പ്രസിഡന്റ്), എം.മനോജ് കുമാർ (വൈസ് പ്രസിഡന്റ് ), ആർ.രാജേഷ് കുമാർ (സെക്രട്ടറി), പി.കെ റജി കുമാർ (ജോ.സെക്രട്ടറി), പി.രാജേഷ് (ട്രഷറർ) എന്നിവരാണ് ശ്രീദേവിവിലാസം ഹിന്ദുമത കൺവൻഷന്റെ ഇപ്പോഴത്തെ ഭാരവാഹികൾ.

കുത്തിയോട്ടം

അനുഷ്ടാന വിശേഷങ്ങളോടെയും കർശനമായ ചിട്ടകളോടെയും നടത്തുന്ന വഴിപാടാണ് കുത്തിയോട്ടം. ഏറ്റവും ചിലവേറിയ വഴിപാടുകളിലൊന്നുമാണ്. ക്ഷേത്ര ഉത്പത്തിയോളം പഴക്കം ഉണ്ടെന്നു കാണക്കാക്കപ്പെടുന്ന കുത്തിയോട്ട വഴിപാടിന്റെ തുടക്കം എ.ഡി.പന്ത്രണ്ടാം നൂറ്റാണ്ടോടെയാണെന്ന് കരുതപ്പെടുന്നു.

കലിയുഗാരംഭത്തിൽ ഭദ്രകാളി ഭക്തനായ ഒരു രാജാവ് ദേവിയെ തപസ് ചെയ്ത് പ്രത്യക്ഷപ്പെടുത്തുകയും വരം ചോദിക്കുകയും ചെയ്തു. ദേശത്തെ ഒരു സൽപ്പുത്രനെ വിലയ്ക്കുവാങ്ങി സ്വന്തം പുത്രനെപോലെ വളർത്തി വേദശാസ്ത്രങ്ങൾ അഭ്യസിപ്പിച്ച് 8 വയസ് തികയുമ്പോൾ കോടിവസ്ത്രങ്ങളും ആഭരണങ്ങളും അണിയിച്ച് ബലിനൽകിയാൽ ഇഷ്ടവരം നൽകാമെന്ന് ദേവി അറിയിച്ചു. ദേവിഹിതമറിഞ്ഞ രാജാവ് കുത്തിയോട്ടം ചിട്ടപ്പെടുത്തിയെന്നാണ് ഐതിഹ്യം.

വഴിപാടുകാരന്റെ വസതിയിലോ, അയാൾ നിശ്ചയിക്കുന്ന ഭവനത്തിലോ പന്തലിട്ട് ദേവീയെ കുടിയിരുത്തി ശിവരാത്രി നാൾ മുതൽ രേവതി നാൾ വരെ പ്രത്യേക അനുഷ്ഠാനങ്ങളോടുകൂടി മാത്രമെ കുത്തിയോട്ട വഴിപാടുകൾ നടത്താൻ പാടുള്ളൂവെന്നാണ് ആചാരം. കുംഭമാസത്തിലെ ശിവരാത്രി നാളിൽ സന്ധ്യയ്ക്ക് ദീപാരാധനയോടെ ആരംഭിച്ച് ഭരണി ദിവസം രാവിലെ ഘോഷയാത്രയായി ക്ഷേത്രത്തിലെത്തി ഭഗവതിയ്ക്ക് സമർപ്പിക്കുന്നതോടെ കുത്തിയോട്ട വഴിപാട് പൂർണമാവും. രേവതി നാളിൽ കുത്തിയോട്ട യജ്ഞത്തിന് സമാപനം കുറിച്ച് നടത്തുന്ന പൊലിവ് പ്രാധന്യമുള്ളതാണ്. ഈ വർഷം 12 കുത്തിയോട്ടങ്ങളാണ് ഉള്ളത്.