ആലപ്പുഴ: ഡി.സി.സി പ്രസിഡൻറ് എം.ലിജു നയിക്കുന്ന ജില്ലാ പദയാത്ര ജനകീയ പ്രക്ഷോഭ ജ്വാലയുടെ സമാപനം നാളെ ആലപ്പുഴ ബീച്ചിൽ നടക്കും. വൈകിട്ട് 5ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. രമ്യ ഹരിദാസ് എം.പി. മുഖ്യാതിഥിയാകും. കഴിഞ്ഞ 2ന് അരൂരിലെ പെരുമ്പളത്തുനിന്ന് ആരംഭിച്ച പദയാത്ര ജില്ലയിലെ 72 പഞ്ചായത്തുകളിലും 6 നഗരസഭകളിലുമായി 20 ദിവസം പദയാത്രയായി സഞ്ചരിച്ചാണ് ആലപ്പുഴയിൽ സമാപിക്കുന്നത്. പദയാത്രയുടെ ഭാഗമായി ജനകീയ മാനിഫെസ്റ്റോ തയ്യാറാക്കുന്നതിനായി എന്റെ നാട് എന്റെ ചിന്ത എന്ന പേരിൽ ജനങ്ങളിൽ നിന്നും അഭിപ്രായങ്ങൾ ശേഖരിക്കുന്നുണ്ട്. ജനങ്ങളിൽ നിന്ന് ലഭിച്ച അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ആലപ്പുഴയുടെ സമഗ്ര വികസനത്തിനായി ജനകീയ മാനിഫെസ്റ്റോ തയാറാക്കുമെന്ന് ലിജു പറഞ്ഞു.