ആലപ്പുഴ : യു.ഡി.എഫ് കുടുംബത്തിനകത്ത് ജോസഫ് വിഭാഗം അന്തഃച്ഛിദ്രവും ഭിന്നിപ്പുമുണ്ടാക്കുകയാണെന്ന് കേരള കോൺഗ്രസ് (എം) നേതാവ് ജോസ്.കെ.മാണി എം.പി പറഞ്ഞു. ഏപ്രിൽ 29 ന് കോട്ടയത്ത് നടക്കുന്ന കെ.എം. മാണി സ്മൃതി സംഗമത്തിന്റെ പ്രവർത്തനങ്ങൾക്ക് രൂപം നൽകാൻ ചേർന്ന ജില്ലാനേതൃ സമ്മേളനം വൈ.എം.സി.എ ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫിൽ സുപ്രധാന സ്ഥാനമുള്ള ഒരു ഘടക കക്ഷിയെ നെടുകെപ്പിളർത്തിയിട്ട് ഐക്യം എന്ന് പേരിട്ട് വിളിക്കുന്ന ജോസഫ് വിഭാഗത്തിന്റെ നീക്കം ഇരട്ടത്താപ്പാണ്.
മാണി പടുത്തുയർത്തിയ കേരള കോൺഗ്രസിനെ (എം) കേരള കോൺഗ്രസ് (ജെ) ആക്കി ഹൈജാക്ക് ചെയ്യാൻ നടത്തിയ ഹീനമായ നീക്കത്തിന് ജനം നൽകിയ തിരിച്ചടിയാണ് കാസർകോട്ടെയും,കോട്ടയത്തെയും പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് മുമ്പാകെ ചിഹ്നം സംബന്ധിച്ചുള്ളകേസിലെ പരാജയം ഉറപ്പായതും ജോസഫ് വിഭാഗത്തെ രാഷ്ട്രീയമായ അരക്ഷിതാവസ്ഥയിൽ എത്തിച്ചുവെന്നും ജോസ് കെ.മാണി പറഞ്ഞു.
ജില്ലാ പ്രസിഡന്റ് വി.സി. ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. സ്മൃതി സംഗമത്തിൽ ജില്ലയിൽ നിന്നും 3000 പേരെ പങ്കെടുപ്പിക്കാൻ നേതൃസംഗമം തീരുമാനിച്ചു.റോഷി അഗസ്റ്റിൻ എം.എൽ .എ, ഉന്നതാധികാര സമിതി അംഗം വി. ടിജോസഫ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സ്റ്റീഫൻ ജോർജ്ജ് , ജേക്കബ്തോമസ് അരികുപുറം, അഡ്വ.പ്രമോദ് നാരായണൻ തുടങ്ങിയവർ സംസാരിച്ചു.
കുട്ടനാട്ടിൽ കേരള കോൺഗ്രസ്
സ്ഥാനാർത്ഥി മത്സരിക്കും
കുട്ടനാട്ടിൽ കേരള കോൺഗ്രസ് എമ്മിന്റെ സ്ഥാനാർത്ഥി തന്നെ മത്സരിക്കുമെന്നും ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയില്ലെന്നും ജോസ് കെ.മാണി എം.പി പറഞ്ഞു.കുട്ടനാടിന്റെ കർഷക രാഷ്ട്രീയത്തെ ശക്തിപ്പെടുത്തിയത് കെ.എം.മാണിയും കേരള കോൺഗ്രസുമാണ്. 2010 ലെ അസംബ്ളി തെരഞ്ഞെടുപ്പിൽ പുനലൂർ വിട്ടുകൊടുത്തിട്ട് യു.ഡി.എഫിൽ ഉണ്ടാക്കിയ ധാരണ പ്രകാരമാണ് കുട്ടനാട് കേരള കോൺഗ്രസ് (എം) ന് നൽകിയത്. ആ കട്ടിൽ കണ്ട് ആരും പനിക്കേണ്ടന്നും.ജോസ്.കെ.മാണി പറഞ്ഞു.