തുറവൂർ: തുറവൂർ ജംഗ്ഷനിലെ ബസ് സ്റ്റോപ്പുകളിലും പരിസരത്തും പൂവാല സംഘങ്ങൾ വിലസുന്നതായി പരാതി. .രണ്ടായിരത്തിലേറെ കുട്ടികൾ പഠിക്കുന്ന സ്വകാര്യ കോളജ് അടക്കം അഞ്ചോളം വിദ്യാലയങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. നിരവധി വിദ്യാർത്ഥികളാണ് രാവിലെയും വൈകിട്ടും ബസ് സ്റ്റോപ്പിലെത്തുന്നത്. വിദ്യാലയങ്ങൾ വിടുന്ന സമയങ്ങളിലാണ് യൂണി ഫോമിലല്ലാത്ത അപരിചിതരായ യുവാക്കൾ ന്യൂജെൻ ബൈക്കുകളിൽ സ്ഥലത്തെത്തുന്നത്.

ബസ് കാത്തുനിൽപ്പുപുരയ്ക്കും സമീപത്തുമായി കഞ്ചാവ്- മയക്കുമരുന്ന് സംഘങ്ങളും തമ്പടിക്കുന്നതായി നാട്ടുകാർ പറയുന്നു. ബസ് സ്റ്റോപ്പിന് സമീപം വിദ്യാർത്ഥികളും സാമൂഹിക വിരുദ്ധരായ ഏതാനും പേരും തമ്മിൽ കഴിഞ്ഞ ദിവസമുണ്ടായ വാക്കുതർക്കം നേരിയ സംഘർഷത്തിനിടയാക്കി. എതാനും മാസങ്ങൾക്കു മുൻപ് വ്യാപകമായ പരാതിയെ തുടർന്ന് പിങ്ക് പൊലീസിന്റെ പരിശോധനയിൽ നിരവധി പേർ കുടുങ്ങിയിരുന്നു. ഇപ്പോൾ പിങ്ക് പൊലീസ് തിരിഞ്ഞു നോക്കാറേയില്ല.