സംഭവം ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപം
ഹരിപ്പാട്: ബൈക്കിന്റെ ഹോണടി കേട്ട് വിരണ്ടോടിയ ആന പാപ്പാനെ തുമ്പിക്കൈകൊണ്ട് അടിച്ചുവീഴ്ത്തി ചവിട്ടിക്കൊന്നു. ഒന്നാം പാപ്പാൻ കൊല്ലം സ്വദേശി കലേഷാണ് (45) മരിച്ചത്. വിരണ്ട ആനയെ തളയ്ക്കാൻ കഴിയാത്തതിനെത്തുടർന്ന് , ആനപ്പുറത്തിരുന്ന രണ്ടാം പാപ്പാൻ സഞ്ജുവിനെ രാത്രി വൈകിയും താഴെ ഇറക്കാനായിട്ടില്ല.
ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപം വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. അപ്പുവെന്ന പേരുള്ള ആനയാണ് വിരണ്ടത്. പള്ളിപ്പാട്ടെ ഒരു ക്ഷേത്രത്തിലെ എഴുന്നള്ളത്തിന് ശേഷം തളയ്ക്കാനായി ആനയെ ഹരിപ്പാട്ടേക്ക് കൊണ്ടുവരുന്നതിനിടെയാണ് വിരണ്ടത്. ഹരിപ്പാട് ക്ഷേത്രം പിന്നിട്ടപ്പോഴേക്കും ബൈക്കിൽ വന്ന മൂന്നംഗ സംഘം ആനയുടെ തൊട്ടുപിന്നിൽ വന്ന് തുടർച്ചയായി ഹോൺ മുഴക്കി. ഇതോടെ വിരണ്ടുപോയ ആന പാപ്പാനെ തട്ടിവീഴ്ത്തുകയായിരുന്നത്രെ. ഹരിപ്പാട് സി.ഐ. ബിജു വി. നായരുടെ നേതൃത്വത്തിൽ പൊലീസ് സംഘവും ഹരിപ്പാട്ടെ അഗ്നിരക്ഷാ സേനയും സ്ഥലത്തുണ്ട്. ക്ഷേത്രക്കുളത്തിന് സമീപമാണ് വിരണ്ടോടിയ ആന വന്നു നിന്നത്.