ആലപ്പുഴ: ഉത്സവം കഴിഞ്ഞ് മടങ്ങിയ ആന ഹരിപ്പാട് വിരണ്ടോടി പാപ്പാൻ കൊല്ലപ്പെട്ട ദുരന്തം ഒരിക്കൽക്കൂടി ആവർത്തിച്ചിരിക്കുകയാണ്. ആന പരിപാലനത്തിലെ നിയമങ്ങൾ പാലിക്കുന്നതിന്റെ ആവശ്യകതയിലേയ്ക്ക് വീണ്ടും വീണ്ടും ഓരോ ദുരന്തങ്ങളും നമ്മുടെ കണ്ണുതുറപ്പിക്കുന്നു. വിരണ്ടോടിയ അപ്പുവെന്ന ആനയുടെ ചവിട്ടേറ്റ് ഒന്നാം പാപ്പാൻ കൊല്ലം സ്വദേശി കലേഷാണ് മരിച്ചത്.
ഉത്സവകാലത്തോടനുബന്ധിച്ചുള്ള നാട്ടാനപരിപാലന അവലോകന സമിതിയുടെ യോഗം കഴിഞ്ഞ 17ന് കളക്ടറേറ്റിൽ ചേർന്നിരുന്നു. നിർദ്ദേശങ്ങൾ കർശനമായി പാലിച്ചിക്കണമെന്ന് തീരുമാനവുമെടുത്തിരുന്നു. എന്നാൽ യോഗ തീരുമാനങ്ങൾ വേണ്ട രീതിയിൽ നടപ്പിലാക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിച്ചില്ലെന്നാണ് ആക്ഷേപം. നാട്ടാനപരിപാലന നിയമം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള സംവിധാനം ഇല്ലാത്തതും പ്രശ്നങ്ങളെ വിളിച്ചുവരുത്തുന്നു.
ആനയെ എഴുന്നള്ളിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
എഴുന്നള്ളത്ത് സമയത്ത് ആനകൾ തമ്മിൽ മതിയായ അകലം പാലിക്കണം.
പകൽ 10 നും വൈകിട്ട് 4നും ഇടയ്ക്ക് എഴുന്നള്ളിക്കുന്നത് പരമാവധി ഒഴിവാക്കണം.
ആനകളിൽ നിന്ന് നിശ്ചിത ദൂരം (കുറഞ്ഞത് 3 മീറ്റർ) പാലിക്കണം
ആനയുമായി മറ്റുള്ളവർ അടുത്തിടപഴകുന്നത് കർശനമായും വിലക്കേണ്ടതാണ്.
പാപ്പാന്മാർ മദ്യപിച്ച് ജോലി ചെയ്യുരുത്വാൻ അനുവദിക്കരുത്.
ശാരീരിക വൈകല്യമുള്ള ആനകളെ എഴുന്നള്ളത്തിന് ഉപയോഗിക്കരുത്
ആനകൾക്ക് അലോസരം ഉണ്ടാകത്തക്കരീതിയിൽ വാഹനങ്ങളുടെ അകമ്പടിപാടില്ല.ഇടഞ്ഞ ആനയെ 15 ദിവസത്തേക്ക് ഉത്സവാഘോഷങ്ങളിൽ പങ്കെടുപ്പിക്കാൻ പാടില്ലാത്തതും , 15 ദിവസത്തിനു ശേഷം ആനയെ ഫോറസ്റ്റ് വെറ്ററിനറി ഓഫീസറും, അതാത് ജില്ലയിലെ രണ്ട് സർക്കാർ വെറ്ററിനറി ഓഫീസർമാരും/ ജില്ലയിലെ മറ്റ് രണ്ട് വെറ്ററിനറി ഓഫീസർമാരും ഉൾപ്പെടുന്ന മെഡിക്കൽ സംഘം ആനയെ പരിശോധിച്ച് മാനസിക, ശാരീരിക നില തൃപ്തികരമാണെന്ന് സാക്ഷ്യപ്പെടുത്തിയാൽ മാത്രമേ വീണ്ടും എഴുന്നള്ളിപ്പിക്കാൻ പാടുള്ളു.
ഉത്സവസമയത്ത് ആനകൾക്ക് ആവശ്യാനുസരണം ആഹാരവും വെള്ളവും നൽകുകയും കാലിൽ ചൂട് ഏൽക്കാതിരിക്കാൻ നനച്ച തറയിൽ നിർത്തുകയും വെയിൽ ഏൽക്കാതിരിക്കുവാൻ പന്തൽ പോലുള്ള സംവിധാനം ഒരുക്കുകയും ചെയ്യണം.
@തീവെട്ടി ആനകൾക്ക് ചൂട് ഏൽക്കാത്തവിധം മാറ്റി പിടിക്കുവാൻ കർശനമായി നടപടി വേണം.
@കുട്ടിയാനകളെ ( 1.5 മീറ്ററിൽ താഴെ പൊക്കമുള്ളവ) ആഘോഷങ്ങളിൽ പങ്കെടുപ്പിക്കുവാൻ പാടുള്ളതല്ല.ഡാറ്റാബുക്കിന്റെ അസ്സലും, ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ്, മൈക്രോചിപ്പ് സർട്ടിഫിക്കറ്റ് , ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, 15 ദിവസത്തിനകം എടുത്ത ഫിറ്റനസ് സർട്ടിഫിക്കറ്റ് എന്നിവ പാപ്പാന്റെ കൈവശം ഉണ്ടായിരിക്കണം. വെറ്ററിനറി ഡോക്ടറുടെ കുറിപ്പ് പ്രകാരം മാത്രമേ മരുന്ന് നൽകാവൂ.
@എഴുന്നള്ളിപ്പിനായി വെയിലത്ത് ആനയെ അധിക സമയം നിർത്തുവാനോ ആനയുടെ സമീപത്ത് വച്ച് പടക്കം പൊട്ടിക്കുവാനോ പാടില്ല.പാപ്പാന്മാർ മദ്യപിച്ചു കൊണ്ട് ആനകളെ കൊണ്ട് പോകുക, ആനയെ ഉപദ്രവിക്കുക എന്നിവ കർശനമായും ഒഴിവാക്കണം
@ആണി, സൂചി പോലുള്ളവ ഘടിപ്പിച്ച വടികൾ, കോലുകൾ എന്നിവ ഉപയോഗിച്ചു പീഡിപ്പിക്കുവാനോ കുത്തിപ്പൊക്കി തല ഉയർത്തി നിർത്താനോ പാടില്ല.
@പാപ്പാന്മാർക്ക് ക്ഷയരോഗം ഇല്ലെന്ന സർട്ടിഫിക്കറ്റ് ജില്ലാ മെഡിക്കൽ ഓഫീസറിൽ നിന്നും വാങ്ങി ഉടമസ്ഥർ ഹാജരാക്കണം.
ആനയുടെ കഴുത്തിൽ പേര് പ്രദർശിപ്പിക്കണം, എഴുന്നള്ളിപ്പ് സമയത്ത് ഒന്നാം പാപ്പാൻ ആനയുടെ സമീപം തന്നെ ഉണ്ടായിരിക്കണം.