ele

ആലപ്പുഴ : കഴിഞ്ഞ ദിവസം രാത്രി വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് മരിച്ച പാപ്പാന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ചിറയിൻകീഴ് ഹരിഹരപുരം ഐരൂർ ആലുവിള വീട്ടിൽ കലേഷ് (42)ആണ് മലപ്പുറം സ്വദേശി സുബൈറിന്റെ ഉടമസ്ഥതയിലുള്ള അപ്പു എന്ന ആനയുടെ ചവിട്ടേറ്റ് മരിച്ചത്. അപ്പുവിന്റെ ഒന്നാം പാപ്പാനായിരുന്നു കലേഷ്. ആനപ്പുറത്തിരുന്ന് മരണത്തെ മുഖാമുഖം കണ്ട രണ്ടാം പാപ്പാൻ സഞ്ജുവിനെ അഞ്ചു മണിക്കൂറിനു ശേഷം ആനയെ മയക്കുവെടി വച്ച് തളച്ചശേഷമാണ് താഴെയിറക്കിയത്. പള്ളിപ്പാടുള്ള

ക്ഷേത്രത്തിലെ എഴുന്നള്ളത്ത് കഴിഞ്ഞ് തളയ്ക്കാൻ കൊണ്ടു പോകുന്നതിനിടെ വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപം വച്ച് അപ്പു വിരണ്ടോടിയത്.

ക്ഷേത്രത്തിന് മുൻവശം നിന്ന് അപ്പു തുമ്പിക്കൈ ഉയർത്തി ദേവനെ വണങ്ങുന്നതിനിടെ പിന്നാലെയെത്തിയ ബൈക്ക് യാത്രക്കാർ നിറുത്താതെ ഹോൺ മുഴക്കിയതാണ് പ്രകോപനമായത്. ഇടഞ്ഞ ആന തുമ്പിക്കൈ വീശുന്നതിനിടെ ദേഹത്തു തട്ടിയ കലേഷ് തെറിച്ചു ആനയുടെ കാൽച്ചുവട്ടിലേക്ക് വീണു. ആനയുടെ കാലിനടിയിൽപ്പെട്ട കലേഷിനെ ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ക്ഷേത്രത്തിന് സമീപത്തുള്ള മുഴുവൻ സി.സി ടിവി കാമറകളുടെയും ദൃശ്യങ്ങൾ പരിശോധിച്ച് തെളിവ് ശേഖരിക്കുമെന്ന് ഹരിപ്പാട് സി.ഐ ബി.ജു വി.നായർ പറഞ്ഞു. ഇന്നലെ വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം ആനയെ പരിശോധിച്ചു. മദപ്പാടിന്റെ ലക്ഷണങ്ങൾ ആനയ്ക്കില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ഒരാഴ്ച ആനയെ നിരീക്ഷിക്കുമെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഗണേശൻ അറിയിച്ചു.