ആലപ്പുഴ: ചെട്ടികുളങ്ങര കുംഭഭരണി മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന കുത്തിയോട്ട ഘോഷയാത്രക്ക് മുന്നോടിയായി അഗ്‌നിശമന സേനയുടെ നേതൃത്വത്തിൽ നിരത്തുകളിൽ വെള്ളം തളിക്കാനുള്ള നടപടികൾ സ്വീകരിക്കും. ഇതിനായി ആലപ്പുഴ യൂണിറ്റിനെ കൂടാതെ കോട്ടയം യൂണിറ്റിൽ നിന്നുള്ള സേനാംഗങ്ങളുടെ സഹായം കൂടി തേടും. ചെട്ടികുളങ്ങര കുംഭഭരണി മഹോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി എ.ഡി.എം വി.ഹരികുമാറിന്റെ നേതൃത്വത്തിൽ ചേർന്ന ഉദ്യോഗസ്ഥ തല അവലോകന യോഗത്തിലാണ് തീരുമാനം.

അവലോകന യോഗത്തിൽ ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കൃഷ്ണമ്മ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എ മാരായ ആർ.രാജേഷ്, യു പ്രതിഭ , മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ രഘുപ്രസാദ്, ജില്ലാ പഞ്ചായത്തംഗം ജേക്കബ് ഉമ്മൻ, ജനപ്രതിനിധികളായ സി.സുധാകരക്കുറുപ്പ്, ആർ.ഡി.ഒ ഉഷാകുമാരി, തഹസിൽദാർ എസ്.സന്തോഷ് കുമാർ, കായംകുളം ഡിവൈ എസ്.പി ആർ.ബിനു, ശ്രീദേവീ വിലാസം ഹിന്ദുമത കൺവൻഷൻ പ്രസിഡന്റ് എം.കെ.രാജീവ്, ജി.രാജു, ചെട്ടികുളങ്ങര ക്ഷേത്രം ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ, മാവേലിക്കര എസ്.ഐ പി.ടി.ജോണി തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

പൊലീസ് എയ്ഡ് പോസ്റ്റുകൾ

എയ്ഡ് പോസ്റ്റുകളടക്കം സ്ഥാപിച്ച് അധിക സേനാ വിന്യാസത്തോടെ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കുമെന്ന് പൊലീസ് അധികൃതർ യോഗത്തിൽ അറിയിച്ചു.

 പ്രത്യേക ബസ് സർവീസ്

കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ച് വിവിധ ഡിപ്പോകളിൽ നിന്ന് കെ.എസ്.ആർ.ടി.സി പ്രത്യേക സർവ്വീസുകൾ നടത്തും.

 എക്സൈസിന്റെ പ്രത്യേക കൗണ്ടർ

ലഹരി നിയന്ത്രണം ഉറപ്പുവരുത്താനായി എക്സൈസ് വകുപ്പിന്റെ പ്രത്യേക കൗണ്ടർ 22 മുതൽ പ്രവർത്തനമാരംഭിച്ചു. ബന്ധപ്പെടേണ്ട നമ്പർ:0479 2340265.