hty

ഹരിപ്പാട്: അഞ്ച് വർഷത്തിനിടെ ഹരിപ്പാട് മേഖലയിൽ ആനക്കലിയിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ. മരിച്ച രണ്ടുപേർ ഒന്നാം പാപ്പാന്മാരും, ഒരാൾ വീട്ടുമുറ്റത്ത് പത്രം വായിച്ചിരുന്നയാളും. ക്ഷേത്രത്തിലെ ഉത്സവചടങ്ങ് കഴിഞ്ഞ് തളയ്ക്കാനായി കൊണ്ടുവരുന്നതിനിടെ ഇടഞ്ഞ ആന ഒന്നാം പാപ്പാനെ വകവരുത്തിയ ശേഷം പ്രദേശമാകെ അഞ്ച് മണിക്കൂറോളം പരിഭ്രാന്തി പരത്തിയ സംഭവമാണ് വെള്ളിയാഴ്ച നടന്നത്.

അഞ്ച് വർഷം മുമ്പ് 2015 മാർച്ച് 21ന് സമാനമായ തരത്തിൽ കരുവാറ്റ തിരുവിലഞ്ഞാൽ ദേവീ ക്ഷേത്രത്തിലും ആനയുടെ അടിയേറ്റ് ഒന്നാം പാപ്പാൻ കൊല്ലപ്പെട്ടിരുന്നു. കരുവാറ്റ ആഞ്ഞിലിവേലിപടീറ്റതിൽ ഉണ്ണികൃഷ്ണൻ നായർ (52)നെയാണ് ചിറക്കടവ് ദേവസ്വത്തിലെ തിരുനീലകണ്ഠൻ എന്ന കൊമ്പൻ തുമ്പിക്കൈകൊണ്ട് അടിച്ചു വീഴ്ത്തിയത്. ഇതിന് രണ്ട് ദിവസം മുമ്പ് കുളിപ്പിക്കുന്നതിനിടെ വിരണ്ടോടിയ പന്മന ശരവണൻ എന്ന ആന കിലോമീറ്ററുകളോളം ഓടി, വീട്ടുമുറ്റത്ത് പത്രം വായിച്ചിരുന്ന പിലാപ്പുഴ ശിവസദനത്തിൽ മനോഹരൻ പിള്ളയുടെ ജീവനെടുത്തു. ഇന്നലത്തേത് ഉൾപ്പടെ മൂന്ന് സംഭവങ്ങളിലും അഞ്ച് മണിക്കൂറോളമാണ് നാടിനെ മുഴുവൻ ആന വിറപ്പിച്ചത്.

കഴിഞ്ഞ ദിവസം ഇടഞ്ഞ കൊളക്കാടൻ അപ്പു എന്ന ആനയെ മൂന്ന് മാസം മുമ്പ് മദപ്പാടിനെ തുടർന്ന് തളച്ചിട്ടിരുന്നതാണ്. ആനയെ പുറത്ത് എഴുന്നള്ളിക്കാനുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നോ എന്നത് സംബന്ധിച്ചും സംശയം നിലനിൽക്കുന്നു. മോഴ ഇനത്തിൽപ്പെട്ട ചെറുപ്രായത്തിലുള്ള ആനയ്ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ശൗര്യം കൂടുതലാണെന്നും ഇങ്ങനെയുള്ള ആനയെ കൂടുതൽ ശ്രദ്ധിച്ചേ കൈകാര്യം ചെയ്യാൻ പാടുള്ളുവെന്നും വിദഗ്ദർ പറയുന്നു. ക്ഷേത്രങ്ങളിലെ ശിവരാത്രി ആഘോഷം കഴിഞ്ഞ് മടങ്ങിയവരും സംഭവം അറിഞ്ഞ് എത്തിയവരും തടിച്ചുകൂടിയതും വാഹനങ്ങളുടെ ശബ്ദവും ആനയെ കൂടുതൽ പ്രകോപിതനാക്കി. ഒന്നാം പാപ്പാനെ ആക്രമിച്ച ശേഷം ശാന്തനായി നിന്ന ആനയെ കല്ലെറിഞ്ഞും മറ്റും ശല്യപ്പെടുത്തിയത് കൂടുതൽ അക്രമാസക്തനാകാൻ കാരണമായി. വൈദ്യുതി പോസ്റ്റ് തകർത്തതിനെ തുടർന്ന് നഗരം ഏറെ നേരം ഇരുട്ടിലായതോടെ ആന വരുന്നത് കാണാൻ കഴിയാതെ ആളുകൾ ഭയന്നോടി. സംഭവം നടന്ന ഉടൻ സ്ഥലത്തെത്തിയ പൊലീസ്, ഫയർഫോഴ്സ്, ഹരിപ്പാട് എമർജൻസി റസ്ക്യു ടീം എന്നിവർ ആളുകളെ നിയന്ത്രിച്ചു. ആനയെ കാണാനായി അടുത്തുള്ള നിർമ്മാണം നടക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിൽ ഉൾപ്പടെ ആളുകൾ നിലയുറപ്പിച്ചിരുന്നു. പുല്ലാം വഴി പുരയിടത്തിൽ നിലയുറപ്പിച്ച ആനയെ സമീപമുള്ള വീടിന്റെ മുകളിൽ നിന്നാണ് മയക്കുവെടി വെച്ചത്. ആനപ്പുറത്ത് പാപ്പാൻ ഉണ്ടായിരുന്നതിനാൽ ഇരട്ടി ഡോസിലാണ് മരുന്ന് ഉപയോഗിച്ചത്, വെടിയേറ്റ് പെട്ടെന്ന് ആന ശാന്തനായതിനാൽ പാപ്പാനെ അപകടം കൂടാതെ രക്ഷിക്കാനായി. അഞ്ച് മണിക്കൂറോളം ജീവൻ പണയം വെച്ച് ഭയന്ന് ആനപ്പുറത്തിരുന്ന രണ്ടാം പാപ്പാൻ സഞ്ജുവിനെ താഴെ ഇറക്കിയ ഉടൻ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.