ആലപ്പുഴ: കേന്ദ്ര,സംസ്ഥാന സർക്കാരുകൾക്കെതിരെ ഡി.സി.സി പ്രസിഡന്റ് എം.ലിജു നയിക്കുന്ന ജില്ലാ പദയാത്ര ജനകീയ പ്രക്ഷോഭ ജ്വാല ഇന്ന് ആലപ്പുഴ ബീച്ചിൽ സമാപിക്കും. അരൂർ നിയോജകമണ്ഡലത്തിലെ പെരുമ്പളം ദ്വീപിൽ കഴിഞ്ഞ 2ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്ത പദയാത്ര ജില്ലയിലെ 68 പഞ്ചായത്തുകളിലും 6 മുൻസിപ്പാലിറ്റികളിലുമായി 450 ൽപ്പരം കിലോമീറ്ററുകൾ സഞ്ചരിച്ചാണ്സമാപിക്കുന്നത്. വൈകിട്ട് 5ന് ആലപ്പുഴ സക്കറിയ ബസാറിൽ നിന്നുമാരംഭിക്കുന്ന സമാപന റാലി ആലപ്പുഴ ബീച്ചിലെത്തുമ്പോൾ നടക്കുന്ന സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. രമ്യ ഹരിദാസ് എം.പി. മുഖ്യാതിഥിയാകും. പദയാത്രയുടെ ഭാഗമായി എന്റെ നാട് ഏന്റെ ചിന്ത എന്ന പേരിൽ ജനങ്ങളിൽ നിന്നും ശേഖരിച്ച അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ആലപ്പുഴയുടെ സമഗ്ര വികസനത്തിനായി ജനകീയ മാനിഫെസ്റ്റോ തയാറാക്കുമെന്നും ഡി.സി.സി പ്രസിഡൻറ് എം.ലിജു പറഞ്ഞു.