എ ബി​ഗ് സല്യൂട്ട് ടു കേരള പൊലീസ്

അമ്പലപ്പുഴ: കാത്തി​രുന്ന വന്ന പി​.എസ്. സി​ പരീക്ഷ എഴുതാൻ അവസാന നി​മി​ഷം അവസരം നഷ്ടപ്പെട്ടെന്ന് ഒരു നി​മി​ഷം വി​ചാരി​ച്ചു വി​ഷ്ണുപ്രി​യ. എന്നാൽ വി​ഷയത്തി​ന്റെ ഗൗരവം മനസി​ലാക്കി​

സന്ദർഭത്തി​നൊത്തുയർന്ന പൊലീസ് ഉദ്യോഗസ്ഥർ പ്രവർത്തന നി​രതരായപ്പോൾ അവൾക്ക് കെ. എ. എസ് പരീക്ഷ എഴുതാനായി​. ഒടുവി​ൽ നി​റഞ്ഞ മി​ഴി​കളോടെ വി​ഷ്ണുപ്രി​യ പരീക്ഷ എഴുതാൻ വഴി​യൊരുക്കി​യതി​ൽ പൊലീസി​ന് നൂറുതവണ മനസ് നി​റഞ്ഞ് നന്ദി​ പറഞ്ഞു.

ചേർത്തല പാണാവള്ളി വിഷ്ണുപ്രിയ നിവാസിൽ വിഷ്ണുപ്രിയയ്ക്കാണ് അമ്പലപ്പുഴ പൊലീസ് പി​. എസ്. സി​ പരീക്ഷ എഴുതുവാൻ തുണയായത്. ഇന്നലെ നടന്ന പ്രധാനപ്പെട്ട കെ. എ. എസ് (കേരള അഡ്മി​നി​സ്ട്രേറ്റീവ് സർവീസ്)പി.എസ്.സി പരീക്ഷയെഴുതാനായാണ് വിഷ്ണുപ്രിയ ചേർത്തലയിൽ നിന്ന് തിരുവനന്തപുരം സൂപ്പർ ഫാസ്റ്റിൽ കയറിയത്.പുന്നപ്ര കാർമൽ കോളേജായിരുന്നു പരീക്ഷാകേന്ദ്രം. പുന്നപ്രയിൽ സ്റ്റോപ്പില്ലാത്തതിനാൽ ബസ് വണ്ടാനത്താണ് നിർത്തിയത്. ഇവിടെ നിന്ന് ഓട്ടോയിൽ പരീക്ഷാ കേന്ദ്രത്തിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് രേഖകൾ, പണം, മൊബൈൽ ഫോൺ എന്നിവയടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതറിഞ്ഞത്. ഉടൻ ആ ഓട്ടോയിൽത്തന്നെ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലെത്തി. പൊലീസിന്റെ സഹായത്തോടെ അമ്പലപ്പുഴയിൽ ബസ് നിർത്തിച്ച് പരിശോധന നടത്തിയെങ്കിലും ഇവ കണ്ടെത്താൻ കഴിഞ്ഞില്ല.

വിഷ്ണുപ്രിയയുടെ അവസ്ഥ മനസിലാക്കിയ പൊലീസ് ഉടൻ തന്നെ പൊലീസ് ജീപ്പിൽ വിഷ്ണുപ്രിയയെ പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചു. ഹാൾ ടിക്കറ്റ് ഉണ്ടായിരുന്നെങ്കിലും മറ്റ് തിരിച്ചറിയൽ രേഖകൾ നഷ്ടപ്പെട്ടതിനാൽ പരീക്ഷയെഴുതാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പി.എസ്.സി അധികൃതർ. എന്നാൽ രേഖകൾ നഷ്ടപ്പെട്ടതായുള്ള പൊലീസിന്റെ സർട്ടിഫിക്കറ്റുണ്ടെങ്കിൽ പരീക്ഷയെഴുതാമെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് അമ്പലപ്പുഴ സ്റ്റേഷനിൽ നിന്ന് സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടതായുള്ള ലോസ്റ്റ് സർട്ടിഫിക്കറ്റ് നിമിഷങ്ങൾക്കുള്ളിൽ തയ്യാറാക്കി പോലീസുദ്യോഗസ്ഥൻ മനീഷ് പരീക്ഷാ കേന്ദ്രത്തിലെത്തിച്ചതോടെ വിഷ്ണു പ്രിയക്ക് പരീക്ഷയെഴുതാൻ കഴിഞ്ഞു. തുടർന്ന് വിഷ്ണുപ്രിയയുടെ ഭർത്താവിനെ പൊലീസ് വിവരമറിയിച്ചു. പൊലീസിന്റെ സമയോചിതമായ ഇടപെടൽ കൊണ്ടാണ് വിഷ്ണുപ്രിയയ്ക്ക് പരീക്ഷയെഴുതാൻ കഴിഞ്ഞത്. ഗ്രേഡ് എസ്.ഐ സാധു ലാൽ, എ.എസ്.ഐ അജീബ്, സി.പി.ഒ മാരായ വിഷ്ണു ,ബാബു എന്നിവരാണ് വിഷ്ണുപ്രിയയ്ക്ക് തുണയായി മാറിയത്.