ആലപ്പുഴ: 'പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കുക.... പ്ലാസ്റ്റിക്ക് കത്തിക്കാതിരിക്കുക... പ്ലാസ്റ്റിക്ക് ക്യാരി ബാഗ് വേണ്ടേ...വേണ്ട...' എന്ന് അവർ സദസ്സിനോട് അവർ അരങ്ങിലെത്തി നാടകമാടി പറയുമ്പോൾ കാഴ്ചക്കാരായ കുട്ടികൾ ആ പ്രതിജ്ഞ ഹൃദയത്തിൽ ഏറ്റു വാങ്ങിയാണ് മടങ്ങുന്നത്.
ശുചിത്വ സന്ദേശം കുട്ടികളിലൂടെ കുടുംബങ്ങളിലേയ്ക്ക് എന്ന മുദ്രാവാക്യവുമായി ആര്യാട് ബ്ലോക്ക്പഞ്ചായത്തിന്റെ മയിൽപ്പീലിക്കൂട്ടം കലാപരിശീലന കളരിയിലെ കുട്ടികൾ ഒരുക്കിയ 'ശുചിത്വപ്പറവകൾ ' കലാജാഥയാണ് അവതരണ ഭംഗികൊണ്ടും വിഷയത്തിന്റെ കാലിക പ്രാധാന്യം കൊണ്ടും ശ്രദ്ധേയമായത്.മയിൽപ്പീലിക്കൂട്ടം നാട്യ മൂലയിലെയും പാട്ടു മൂലയിലെയും 31 കുട്ടികളാണ് കലാജാഥയിൽ അണിനിരന്നത്.വളവനാട് പി.ജെ.യു.പി സ്‌കൂളിൽ നിന്നും ആരംഭിച്ച നാടകയാത്ര ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീന സനൽ കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് എൻ.പി.സ്‌നേഹജൻ,ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജയൻ തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ വിലഞ്ചിത ഷാനവാസ്,ബ്ലോക്ക് പഞ്ചായത്തംഗം റ്റി.ശ്രീഹരി, ലീലാമ്മ ജേക്കബ് തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ കുട്ടികളോട് സംവദിച്ചു.
രണ്ട് ദിവസങ്ങളിലായി ബ്ലോക്ക് പ്രദേശത്തെ 13 സ്‌കൂളുകളിൽ പര്യടനം നടത്തിയ കലാജാഥ ആര്യാട് ലൂഥറൻ ഹൈസ്‌കൂളിൽ സമാപിച്ചു. സംവിധായകനും നാടക പ്രവർത്തകനുമായ മനോജ് ആർ.ചന്ദ്രനാണ് കുട്ടികൾക്കായി നാടകം ഒരുക്കിയത്. ആർ.ചന്ദ്രലാൽ ആയിരുന്നു കലാജാഥ കോ-ഓർഡിനേറ്റർ.