ആലപ്പുഴ: കുംഭചൂട് കടുത്തതോടെ കുട്ടനാട്ടിലെ 13പഞ്ചായത്തുകളിലും കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തിലാണ്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് കുട്ടനാട്ടിലെ വിവിധ മേഖലകളിൽ പൊതു ടാപ്പുകളിലൂടെ വാട്ടർ അതോറിട്ടി കുടിവെള്ളം ലഭ്യമാക്കുന്നത്. ഓരോരോ മേഖലകൾ തിരിച്ചാണ് ഓരോദിവസവും വിതരണം. കുടിവെള്ളക്ഷാമം അതീവ രൂക്ഷമായിരുന്നപ്പോൾ സർക്കാർ നിയന്ത്രണത്തിൽ ടാങ്കറുകൾ വഴി കുടിവെള്ളം വിതരണം ചെയ്തിരുന്നു. ഇപ്പോൾ അത് വല്ലപ്പോഴും മാത്രമായി ചുരുങ്ങി.

ആലപ്പുഴ നഗരത്തിലെയും മറ്റും സ്വകാര്യ ആർ.ഒ പ്‌ളാന്റുകളിൽ ലിറ്ററിന് ഒരു രൂപയ്ക്ക് കുടിവെള്ളം കിട്ടുമ്പോൾ ലിറ്ററിന് 2.50 രൂപയ്ക്കാണ് കുട്ടനാട്ടിൽ സ്വകാര്യ ലോബി കുടിവെള്ളം വിറ്റഴിക്കുന്നത്.

മഹാപ്രളയത്തിനുശേഷം കുട്ടനാട്ടിലെ 13 പഞ്ചായത്തുകളിലും കുടിവെള്ളം പൊതുടാപ്പിലൂടെ പൂർണമായും വിതരണം നടത്താൻ ജലഅതോറിട്ടിക്ക് കഴിഞ്ഞിട്ടില്ല. ജലവിതരണ കുഴലുകൾ വെള്ളത്തിന്റെ കുത്തൊഴുക്കിൽ പലേടത്തും തകർന്നു. പദ്ധതികൾ പലത് ആവിഷ്‌കരിച്ചെങ്കിലും ഒന്നും വിജയത്തിലെത്താത്തതാണ് കുട്ടനാട്ടിലെ കുടിവെള്ളക്ഷാമത്തിന് കാരണം. 1965 ൽ തിരുവല്ലയിൽ കമ്മിഷൻ ചെയ്ത കുട്ടനാട് കുടിവെള്ള പദ്ധതിയാണ് ആദ്യത്തേത്. കുട്ടനാട്ടിൽ പ്‌ളാന്റ് സ്ഥാപിക്കാൻ സ്ഥലമില്ലാത്തതിനാലാണ് തിരുവല്ലയിൽ പ്രവർത്തനം തുടങ്ങിയത്. പ്രതിദിനം ഒരുകോടി ലിറ്റർ വെള്ളം എത്തിക്കുകയായിരുന്നു ലക്ഷ്യം. നാലര പതിറ്റാണ്ട് കഴിഞ്ഞിട്ടും പദ്ധതി കുട്ടനാട്ടുകാർക്ക് വേണ്ടവിധം പ്രയോജനപ്പെട്ടിട്ടില്ല. ഇപ്പോൾ വല്ലപ്പോഴും മാത്രമാണ് തിരുവല്ലയിൽ നിന്ന് കുടിവെള്ളം ലഭിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ചങ്ങനാശേരി, തിരുവല്ല ഭാഗങ്ങളിലാണ് പദ്ധതിയുടെ ഗുണം ലഭിക്കുന്നത്.
14 ദശലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള, നീരേറ്റുപുറം ശുദ്ധീകരണ പ്‌ളാന്റ് 2014 ഫെബ്രുവരിയിലാണ് കമ്മിഷൻ ചെയ്തത്. നീരേറ്റുപുറം ശുദ്ധീകരണ പ്‌ളാന്റിൽ നിന്ന് പ്രതിദിനം ഒരുകോടി ലിറ്ററിന് താഴെയാണ് വിതരണം. പ്രളയത്തിന് ശേഷം പ്‌ളാന്റിന്റെ പ്രവർത്തനം പൂർണതയിലായിട്ടില്ല. തലവടി, എടത്വ, മുട്ടാർ, രാമങ്കരി, കാവാലം, വെളിയനാട്, പുളിങ്കുന്ന്, ചമ്പക്കുളം തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.


@കുട്ടനാട്ടിലെ കണക്ക്

 ഒരു പഞ്ചായത്തിൽ കുറഞ്ഞത് 30,000 കുടുംബങ്ങൾ
ഒരു കുടുംബത്തിന് വേണ്ടത് ശരാശരി പ്രതിദിനം 45 ലിറ്റർ വെള്ളം
 കുടിക്കാൻ വേണ്ടി മാത്രം പ്രതിദിനം 15 ലിറ്റർ
 ഒരു പഞ്ചായത്തിൽ ദിവസം വേണ്ടത് 13.5 ലക്ഷം ലിറ്റർ
 പഞ്ചായത്തുകളിൽ സർക്കാർ എത്തിക്കുന്ന കുടിവെള്ളം 2.60 ലക്ഷം ലിറ്റർ

 ജാറിലും വ്യാജൻ

വള്ളങ്ങളിലും മറ്റും 20 ലിറ്ററിന്റെ ജാറിൽ കൊണ്ടുവരുന്നതും നല്ല തെള്ളമല്ലെന്ന് ആരോപണമുണ്ട്. പ്രമുഖ കമ്പനികളുടെ വ്യാജ സ്റ്റിക്കർ പതിച്ചും ഇത്തരം ജാറുകളിൽ വെള്ളമെത്തിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. പമ്പയാറ്റിൽ ചരൽ കൂടുതലുള്ള ഭാഗത്തുനിന്നു ശേഖരിക്കുന്ന വെള്ളവും ജാറിൽ നിറച്ച് വിതരണത്തിനെത്തിക്കാറുണ്ടെന്ന് പറയപ്പെടുന്നു. ഇങ്ങനെയുള്ള ജലവിതരണം നിയന്ത്രിക്കാൻ ജലഅതോറിട്ടിക്കും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിനും കഴിയുന്നില്ല.

.

'കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാൻ സർക്കാർ പുതിയ പദ്ധതികൾ അടിയന്തരമായി നടപ്പാക്കണം. ഇതിന് കുട്ടനാട്ടിലെ ജനപ്രതിനിധികൾ മുൻകൈ എടുക്കണം.

(നാട്ടുകാർ)