 ചീഫ് എൻജിനിയറോട് വിശദീകരണം തേടി ടാറിംഗ് നിറുത്താനും നിർദ്ദേശം

ആലപ്പുഴ : ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നടപടിയുമായി മന്ത്രി ജി.സുധാകരൻ.

ദേശീയ പാതയിലെ അരൂർ-ചേർത്തല റീച്ചിലെ ചില ഭാഗങ്ങൾ ജർമൻ സാങ്കേതിക വിദ്യ ആയ കോൾഡ് ഇൻസൈറ്റ് റീസൈക്ലിങ് ടെക്നോളജി ഉപയോഗിച്ചല്ല ടാർ ചെയ്യുന്നത്‌ എന്നാണ് വിപിൻ സേവ്യർ എന്നയാൾ ഫേസ് ബുക്കിൽ കുറിച്ചത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട മന്ത്രി ചീഫ് എൻജിനീയറോട് വിശദീകരണം തേടി.

അരൂർ മുതൽ ചേർത്തല വരെ ആകെയുള്ള 23.66 കി.മി ഭാഗത്ത് 18.23 കി.മി നീളത്തിൽ മാത്രമാണ് ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ടാറിംഗ് നടത്തുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് അനുമതി നൽകിയത് . അതുകൊണ്ട് പ്രവൃത്തികൾ ചെയ്തതിൽ വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് മന്ത്രി അറിയിച്ചു.

സാധാരണ ഒരു റോഡ് പൂർണമായും ഒരു സാങ്കേതിക വിദ്യ ഉപയോഗിച്ച് ചെയുന്നതിനാണ് അനുമതി നൽകുന്നത്. ഈ കാര്യത്തിൽ എന്താണ് ഇങ്ങനെ സംഭവിച്ചത് എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ നടക്കുന്ന ടാറിംഗ് നിർത്തി വയ്ക്കുന്നതിനും നിർദേശം നൽകി.

റോഡ് പൂർണമായും ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചെയ്യുന്നതിന് സഹായം തേടുവാൻ ദേശീയ പാതവിഭാഗം ചീഫ് എൻജിനിയർ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമായി ബന്ധപ്പെടും.

വിഷയം ശ്രദ്ധയിൽപ്പെടുത്തിയ വിപിൻ സേവ്യറിന് മന്ത്രി ജി.സുധാകരൻ ഫേസ് ബുക്ക് പേജിലൂടെ നന്ദിയും അറിയിച്ചു.