ആലപ്പുഴ : ദളിത് സംഘടനകൾ ഇന്നലെ ആഹ്വാനം ചെയ്ത ഹർത്താൽ ജില്ലയിൽ ശാന്തവും സമാധാനപരവുമായിരുന്നു. അവധി ദിനമായതിനാൽ ജനജീവിതത്തെ കാര്യമായി ബാധിച്ചില്ല. പലേടത്തും കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. ആലപ്പുഴ, ഹരിപ്പാട്, മാവേലിക്കര എന്നിവടങ്ങളിൽ സ്വകാര്യ ബസുകൾ സർവീസ് നടത്താതിരുന്നത് ജനത്തെ വലച്ചു. ഹൗസ് ബോട്ടുകൾ പതിവു പോലെ സർവീസ് നടത്തിയതിനാൽ വിദേശീയരടക്കമുള്ള വിനോദ സഞ്ചാരികൾക്ക് ആശ്വാസമായി. അമ്പലപ്പുഴയിൽ നാലും ചെങ്ങന്നൂരിൽ രണ്ടും ഹർത്താൽ അനുകൂലികളെ പൊലീസ് കരുതൽ തടങ്കലിലാക്കി. അമ്പലപ്പുഴയിൽ ഹർത്താലിന്റെ പേരിൽ കെ.എസ്.ആടി.സി ബസ് തടഞ്ഞ ദളിത് നേതാവ് ഉൾപ്പെടെ നാല് പേരാണ് അറസ്റ്റിലായത്.
ദളിത് സഭാ ജില്ലാ വൈസ് പ്രസിഡന്റ് അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് നാലാം വാർഡിൽ ആലപ്പാട് വീട്ടിൽ സൂര്യകുമാർ (44) അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കൊപ്പാറക്കടവ് കണ്ടത്തിൽ പറമ്പിൽ പ്രസാദ് (64) ,കൊപ്പാറക്കടവ് കുന്നത്ത് വീട്ടിൽ കുഞ്ഞുമോൻ (53) ,അമ്പലപ്പുഴ തെക്ക് 4-ാം വാർഡിൽ പഞ്ചായത്ത് മുട്ടേൽ രവി പുരം വീട്ടിൽ രതീഷ് ചന്ദ്രൻ (42) എന്നിവരെയാണ് അമ്പലപ്പുഴ എസ്.ഐ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. യാത്രക്കാരുമായി പോയ കെ.എസ്.ആർ.ടി സി ബസ് ഇന്നലെ രാവിലെ 7. 30 ഓടെ ദേശീയപാതയിൽ വളഞ്ഞവഴി എസ്.എൻ കവല ഭാഗത്ത് വച്ച് ഇവർ തടഞ്ഞിട്ടു . അറസ്റ്റിലായ ഇവരെ ഹർത്താൽ സമയം അവസാനിച്ച ശേഷം ജാമ്യം നൽകി വിട്ടയച്ചു.

ആലപ്പുഴ നഗരത്തിൽ സ്വകാര്യ ബസുകൾ നിരത്തിലിറങ്ങാഞ്ഞത് രൂക്ഷമായ യാത്രക്ളേശത്തിന് വടിയോരുക്കി. കെ.എസ്.ആർ.ടി.സി ബസുകൾ അധിക സർവീസ് നടത്താതിരുന്നതും ജനത്തെ പെരുവഴിയിലാക്കി. ഇരട്ടക്കുളങ്ങര-ആലപ്പുഴ, മണ്ണഞ്ചേരി, മുഹമ്മ, ചേർത്തല, കലവൂർ എന്നിവടങ്ങലിലേയ്ക്കുള്ള സ്വകാര്യ ബസുകൾ ഒന്നും തന്നെ സർവീസുകൾ നടത്തിയില്ല.