 മത്സ്യത്തൊഴിലാളികളുടെ വഴിയോരക്കച്ചവടം പ്രതിസന്ധിയിൽ

ആലപ്പുഴ :ഇടനിലക്കാരെ ഒഴിവാക്കി വഴിയോരങ്ങളിൽ മത്സ്യത്തൊഴിലാളികൾ നേരിട്ട് നടത്തിയിരുന്ന വിപണനം കടലി​ലെ മത്സ്യക്ഷാമത്തെ തുടർന്ന് പ്രതിസന്ധിയിൽ. വേനൽച്ചൂട് കനത്തതോടെ കടലിൽ നിന്നുള്ള മത്സ്യലഭ്യതയിൽ വലിയ കുറവാണുണ്ടായത്. മത്സ്യബന്ധനശേഷം വലകുടഞ്ഞ് വഴിയോരങ്ങളിൽ മീൻവില്പന നടത്തിയിരുന്ന തൊഴിലാളികൾക്ക് ഇതോടെ വരുമാനമാർഗമടഞ്ഞു.

ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്നു രക്ഷപ്പെടാനാണ്, കടലിൽ നിന്ന് പിടിക്കുന്ന മത്സ്യങ്ങൾ ദേശീയപാതയോരത്തോ മറ്റ് പ്രധാന കേന്ദ്രങ്ങളിലോ വലയുൾപ്പെടെ കൊണ്ടുവന്ന് കുടഞ്ഞ് മത്സ്യത്തൊഴിലാളികൾ തന്നെ വിൽക്കാൻ തുടങ്ങിയത്. മുൻകാലങ്ങളിൽ തൊഴിലാളികളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് മത്സ്യം വാങ്ങി കൂടിയ വിലയ്ക്ക് വിറ്റ് ഇടനിലക്കാർ വൻചൂഷണമാണ് നടത്തിയിരുന്നത്. ഇതി​നറുതി​യായതോടെ ഉപഭോക്താക്കൾക്കും ന്യായവലി​യ്ക്ക് മീൻ കി​ട്ടി​യി​രുന്നു.

ദേശീയപാതയോരത്ത് തൊഴിലാളികൾ വലകുടഞ്ഞ് നടത്തുന്ന മീൻ വില്പന വാഹനങ്ങളിൽ കടന്നുപോകുന്നവർക്ക് കൗതുക കാഴ്ച കൂടിയാണ്. ഒരുകൂട്ടർ വല കുടയുമ്പോൾ ഒന്നോ രണ്ടോ പേർ വില്പനയ്ക്ക് നേതൃത്വം നൽകും. ഒന്നിലധികം വള്ളക്കാർ ചേർന്ന് പി​ടി​ക്കുന്ന മീനുമായി​ മലയോര ജില്ലകളിലെത്തി അവിടങ്ങളിലെ പാതയോരത്ത് മത്സ്യം വിൽക്കുന്ന രീതിയും തുടങ്ങിയിരുന്നു. പൊന്ത് വള്ളത്തിൽ പിടിക്കുന്ന മത്സ്യങ്ങളാണ് ഇങ്ങനെ വിൽക്കുന്നതിൽ അധികവും. ചെമ്മീൻ, അയല, മത്തി, മണുങ്ങ്, കുറിച്ചി, മറ്റ് ചെറുമത്സ്യങ്ങൾ എന്നിവയാണ് ഇവർക്ക് ലഭിക്കുന്നത്. രാസവസ്തുക്കൾ പുരളാത്ത ഫ്രഷ് മത്സ്യം ലഭിക്കുമെന്നതിനാൽ ഉപഭോക്താക്കൾക്കും ഇത്തരം മീനി​നോട് താത്പര്യമായിരുന്നു.

മാർക്കറ്റുകളിൽ വരവ് മീനുകൾ

അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മീനുകളാണ് ഇപ്പോൾ വിപണിയിലേറെയും. ദിവസങ്ങളോളം ചീത്തയാകാതിരിക്കാൻ ഇത്തരം മത്സ്യങ്ങളിൽ രാസവസ്തുക്കൾ പുരട്ടുന്നതായും പരാതിയുണ്ട്. ട്രോളിംഗ് നിരോധനത്തിന് ശേഷം കേരള തീരത്തു നിന്നും പോകുന്ന ബോട്ടുകാർക്കും കാര്യമായ മത്സ്യം ലഭിക്കുന്നില്ല.

മീൻ വില (കിലോഗ്രാമിന് രൂപയി​ൽ)

 മത്തി - 200-280

 അയല- 160-230

 ചെമ്മീൻ- 200-350

 മണുങ്ങ്- 100-150

 കുറിച്ചി- 75-100

'കുറഞ്ഞ വിലയ്ക്ക് കടപ്പുറത്ത് നിന്ന് വാങ്ങുന്ന മത്സ്യം കൊള്ളലാഭത്തിൽ വിൽക്കുകയും ഉറപ്പിച്ച ലേലത്തുക തൊഴിലാളികൾക്ക് നൽകാതിരിക്കുന്നതുമാണ് ഇടനി​ലക്കാരുടെ പതിവ്. ഇതിന് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പാതയോരത്ത് തൊഴിലാളികൾ നേരിട്ട് മത്സ്യം വിൽക്കുന്നത്'

(മത്സ്യത്തൊഴിലാളി കൂട്ടായ്മ)