photo
ശ്രീനാരായണ എംപ്ലോയീസ് ഫോറം സംസ്ഥാന പ്രസിഡന്റ് എസ്.അജുലാൽ

ചേർത്തല: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കുട്ടനാട് മണ്ഡലത്തിൽ എൽ.ഡി.എഫ് സീറ്റ് സി.പി.എം ഏറ്റെടുക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.ശ്രീനാരായണ എംപ്ലോയീസ് ഫോറം,ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ എന്നിവയുടെ സംയുക്തയോഗം ചേർത്തല ട്രാവൻകൂർ പാലസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷക,ചെത്തു തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കുട്ടനാട്ടിൽ സി.പി.എമ്മിന് ഏറെ സ്വാധീനമുണ്ട്.കുടുംബാവകാശം പോലെയാണ് ചിലർ സീറ്റ് കുത്തകയാക്കി വച്ചിരിക്കുന്നത്. ചെത്തുകാരേക്കാൾ നല്ലത് ബ്ലേഡുകാരാണെന്ന് അഭിപ്രായപ്പെട്ട എൻ.സി.പിക്ക് കുട്ടനാട്ടിലെ ചെത്തുകാരുടെ വോട്ട് അഭ്യർത്ഥിക്കാൻ അർഹതയില്ല.കേരള കോൺഗ്രസ് അധികാര ദുർമോഹികളുടെ ആൾക്കൂട്ടമായി അധഃപതിച്ചു.വളരുംതോറും പിളരുന്ന ഇവർ ഭരണത്തിലേറിയാൽ രാജ്യത്തെ നന്നാക്കാനല്ല സ്വയം നന്നാകാനാണ് ശ്രമിക്കുന്നത്.ഏതു മുന്നണി ഭരിച്ചാലും ഒപ്പം കൂടുകയാണ് ഇവരുടെ രീതി. വോട്ടു ബാങ്ക് രാഷ്ട്രീയത്തിലാണ് എല്ലാവരുടെയും കണ്ണ്.ഭരണ പങ്കാളിത്വത്തിൽ നിന്ന് പിന്നാക്കക്കാരനെ ആട്ടിപ്പായിക്കാനാണ് മുന്നണികൾ മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.കോ-ഓർഡിനേറ്റർ പി.വി.രജിമോൻ അദ്ധ്യക്ഷത വഹിച്ചു.ഡോ.വി.ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.കെ.എം.രഘുവരൻ,സുധാകരൻ,സുരേന്ദ്രൻ എന്നിവരെ ആദരിച്ചു.യോഗം കൗൺസിലർമാരായ സി.എം.ബാബു കടുത്തുരുത്തി,പി.കെ.പ്രസന്നൻ എന്നിവർ സംസാരിച്ചു.ശ്രീനാരായണ എംപ്ലോയീസ് ഫോറം,ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ എന്നിവയുടെ ലോഗോ പ്രകാശവും നടന്നു.അജുലാൽ സ്വാഗതവും ജി.ചന്തു നന്ദിയും പറഞ്ഞു.

'അറിവ്" 10 യൂണിയനുകളിൽ

എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിലുള്ള അറിവ് പദ്ധതി സംസ്ഥാനത്ത് കരുനാഗപ്പള്ളി, കുണ്ടറ, ചാത്തന്നൂർ,കണയന്നൂർ,വൈപ്പിൻ,ബേപ്പൂർ,മാവേലിക്കര,തലയോലപറമ്പ്,കടുത്തുരുത്തി,വട്ടിയൂർക്കാവ് എന്നീ യൂണിയനുകളിലാണ് ആദ്യ ഘട്ടത്തിൽ നടപ്പാക്കുന്നത്. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സ്വപ്ന പദ്ധതികളിൽ ഒന്നാണിത്.

ശ്രീനാരായണ എംപ്ലോയീസ് ഫോറം

സംസ്ഥാന ഭാരവാഹികൾ

എസ്.അജുലാൽ (പ്രസിഡന്റ്),ഡോ.വി.ശ്രീകുമാർ (സെക്രട്ടറി),ബി.ശിവപ്രസാദ് (ട്രഷറർ). ബിജു പുളിക്കലേടത്ത്,ഡോ.ആർ.പി.രഞ്ജിൻ,കെ.ജി.ഗോപാലകൃഷ്ണൻ,കെ.കെ.അനിത ഷാജി,ഷിബു കൊ​റ്റംപ്പള്ളി (വൈസ് പ്രസിസിഡന്റുമാർ). ദിനു വാലുപറമ്പിൽ,സുനിൽ,വിനോദ് ശ്രീധർ,ജി.ബൈജു,ഗോകുൽദാസ്,ജിജി ഹരിദാസ്,അനില പ്രദീപ് (ജോയിന്റ് സെക്രട്ടറിമാ‌ർ). ഷിബു ശശി (ആഡി​റ്റർ ), വിനു ധർമ്മരാജൻ ('അറിവ് ' കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.