കുട്ടനാട്: മുട്ടാർ - നീരേറ്റുപുറം റോഡിൽ പഞ്ചായത്ത് ഓഫീസ് പടിമുതൽ നീരേറ്റുപുറം ജംഗ്ക്ഷൻ വരെ വെട്ടിപ്പൊളിച്ച് മെറ്റലിട്ടിട്ട് ഒരു മാസത്തിലേറെയായെങ്കിലും പുനർ നിർമ്മാണജോലികൾ തുടങ്ങാത്തതിനാൽ റോഡിൽ പൊടിശല്യം രൂക്ഷം.
വെള്ളപ്പൊക്കത്തെ അതിജീവിക്കും വിധംറോഡ് പുനർനിർമ്മിക്കാനുള്ള തീരുമാന പ്രകാരമാണ് ജോലികൾക്ക് തുടക്കം കുറിച്ചത്. പൊടിശ്യമൊഴിവാക്കാൻ കാലത്തും വൈകിട്ടുംറോഡിൽ വെള്ളമൊഴിക്കാൻ കരാറുകാരൻ തയ്യാറാകാത്തതാണ് ജനങ്ങൾക്ക് ദുരിതമുണ്ടാക്കുന്നത്.
കഴിഞ്ഞ പ്രളയത്തിൽ ഈ റോഡ് പൂർണ്ണമായും വെള്ളത്തിനടിയിലാകുകയും അന്നു രക്ഷാപ്രവർത്തനംപോലും വൻ വെല്ലുവിളിയായി മാറുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലായിരുന്നു റോഡ് പൊക്കം കൂട്ടി നിർമ്മിക്കാനുള്ള തീരുമാനമെടുത്തത്.
റോഡു നിർമ്മാണത്തിന്റെ പേരിൽ കെ എസ് ആർ ടി സി ബസ് സർവ്വീസും നിറുത്തിയതിനാൽ യാത്രാക്ലേശം രൂക്ഷമാണ്. . നൂറ് കണക്കിന് വിദ്ധ്യാർത്ഥികളാണ് ഇതുമൂലം സ്‌ക്കൂളിലുംകോളേജിലും മറ്റും എത്തുന്നതിനായി ബുദ്ധിമുട്ടുന്നത്. നീരേറ്റുപുറത്തോ കിടങ്ങറ ജംഗ്ക്ഷനിലോ എത്തിയാലേ ഇവർക്ക് ബസ് കയറി പോകാൻ കഴിയൂ. ബസ് സർവ്വീസ് നിർത്തലാക്കുമ്പോൾ ഉണ്ടാകുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന് പുതുതായി കിടങ്ങറ- നീരേറ്റുപുറം ബോട്ട് സർവ്വീസ് ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതും നടപ്പായില്ല.