ആലപ്പുഴ : അമ്പലപ്പുഴ-ഹരിപ്പാട് പാത ഇരട്ടിപ്പിക്കലിനുള്ള മെറ്റലുമായി എത്തിയ ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെത്തുടർന്ന് തീരദേശപാതയിൽ മൂന്ന് മണിക്കൂറോളം ഗതാഗതം മുടങ്ങി.
ഇന്നലെ ഉച്ചക്ക് 1.30 ഓടെ അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ ട്രാക്കിലാണ് അപകടമുണ്ടായത്. പാത ഇരട്ടിപ്പിക്കലിന് അമ്പലപ്പുഴയിൽ നിന്ന് മെറ്റലുമായി തകഴിക്ക് പുറപ്പെട്ട 13 ബോഗികളുള്ള ട്രെയിനിന്റെ പിൻഭാഗത്തു നിന്നുള്ള അഞ്ചാമത്തെ ബോഗിയുടെ ചക്രങ്ങളാണ് പാളം തെറ്റിയത്. ഇതോടെ കായംകുളം-ആലപ്പുഴ പാതയിലെ ആട്ടോമാറ്റിക് സിഗ്നൽ സംവിധാനംതകരാറിലായി . ദീർഘദൂര ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു. ഉച്ചയ്ക്ക് കായംകുളത്ത് നിന്ന് പുറപ്പെട്ട മെമു അമ്പലപ്പുഴ സ്റ്റേഷന് കിഴക്ക് വശം പിടിച്ചിട്ടു. സിഗ്നൽ തകരാർ പരിഹരിക്കാൻ തിരുവനന്തപുരത്ത് നിന്ന് ഇലക്ട്രക്കൽ വിഭാഗം ജീവനക്കാർ എത്തി.
തെക്കുഭാഗത്തു നിന്ന് വന്ന ട്രെയിനുകൾ ഹരിപ്പാട്, ചേപ്പാട് സ്റ്റേഷനുകളിലും വടക്കുഭാഗത്തു നിന്നു വന്ന ട്രെയിനുകൾ ചേർത്തല, മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകളിലുമാണ് പിടിച്ചിട്ടത്. ഗോരഖ്പൂർ-തിരുവനന്തപുരം, നേത്രാവതി, ആപ്പ-തിരുനെൽവേലി, കായംകുളം- എറണാകുളം, കൊല്ലം-എറണാകുളം പാസഞ്ചർ ഉൾപ്പെടയുള്ള ട്രെയിനുകൾ പിടിച്ചിട്ടതിനെത്തുടർന്ന് യാത്രക്കാർ വലഞ്ഞു. സിഗ്നൽ തകരാർ പരിഹരിച്ച് വൈകിട്ട് 4.30മണിയോടെ മെമു മാനുവൽ സിഗ്നൽ പ്രകാരം കടത്തിവിട്ടു. തുടർന്ന് മറ്റ് ട്രെയിനുകളും സ്റ്റേഷനിലെ മറ്റ് ട്രാക്കുകളിലൂടെ വിട്ടു. എറണാകുളത്ത് നിന്ന് ഏരിയ മാനേജർ നിധിൻ റോബിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി അപകടത്തിൽപ്പെട്ട ട്രെയിൻ രാത്രി 8മണിയോടെ നീക്കി. ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാർ ആട്ടോമാറ്റിക് സിഗ്നൽ രാത്രിയോടെ പുനഃസ്ഥാപിച്ചു.