ആലപ്പുഴ:സി.പി.എമ്മുമായി രാഷ്ട്രീയമായി കൈ കോർക്കാൻ ഒരിക്കലും കോൺഗ്രസിനാവില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.ചരിത്രത്തെയും കാലത്തെയും വഞ്ചിച്ചവരാണ് സി.പി.എമ്മുകാർ.സി.പി.എമ്മിന്റെ അഹങ്കാരം അധികകാലം കേരളം അംഗീകരിക്കില്ല. കമ്യൂണിസ്റ്ര് പാർട്ടി ന്യൂനപക്ഷത്തിനൊപ്പം നിന്ന ചരിത്രമില്ലെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

കോൺഗ്രസ് ജില്ലാ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചരിത്രപരമായ ദശാസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. കഴിഞ്ഞ ആറു വർഷമായി മോദി സർക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിൻകീഴിലാണ് രാജ്യം. ഇതിനെതിരെ ഉജ്വല സമരവുമായി കോൺഗ്രസ് മുന്നോട്ടുപോകും.ജനങ്ങളിൽ നിന്ന് അകന്ന സർക്കാരുകളാണ് കേരളവും കേന്ദ്രവും ഭരിക്കുന്നത്. ഇന്ത്യൻ പാർലമെന്റ് തന്നെ തകർക്കാനാണ് മോദി സർക്കാരിന്റെ നീക്കം.

പൗരത്വ നിയമ ഭേദഗതി നടപ്പാക്കാൻ ഒരിക്കലും അനുവദിക്കില്ല. കമ്യൂണിസ്റ്റ് പാർട്ടിയുടെ ന്യൂനപക്ഷ പ്രേമം കാപട്യമാണ്.എക്കാലത്തും ന്യൂനപക്ഷങ്ങൾക്ക് വേണ്ടി നിലകൊണ്ടിട്ടുള്ളത് കോൺഗ്രസാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

ഡി.സി.സി പ്രസിഡന്റ് എം.ലിജു അു്ധ്യക്ഷത വഹിച്ചു.

എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്,രമ്യ ഹരിദാസ് , ഷാനിമോൾ ഉസ്മാൻ എം എൽ എ, പാലോട് രവി,ഡി.സുഗതൻ,എം.മുരളി, എ എ ഷുക്കൂർ, സി.ആർ. ജയപ്രകാശ്, ബി.ബാബുപ്രസാദ്, കോശി.എം.കോശി,സക്കീർ ഹുസൈൻ, ലതികാ സുഭാഷ്,മാന്നാർ അബ്ദുൾ ലത്തീഫ്, അഡ്വ.എ.ത്രിവിക്രമൻ തമ്പി, കെ.പി.ശ്രീകുമാർ, നെടുമുടി ഹരികുമാർ, കെ.കെ ഷാജു, ലാൽ വർഗീസ് കൽപ്പകവാടി,സി.കെ.ഷാജിമോഹൻ, എ.കെ. രാജൻ, എസ്.ശരത്, ബിന്ദുബൈജു, ഇല്ലിക്കൽ കുഞ്ഞുമോൻ തുടങ്ങിയവർ പങ്കെടുത്തു. ടി സുബ്രഹ്മണ്യദാസ് സ്വാഗതം പറഞ്ഞു.