 ശിലാഫലകത്തിന്റെ പേരിൽ ചിലർ അനാവശ്യ വിവാദം ഉണ്ടാക്കുന്നെന്ന് മന്ത്രി ജി.സുധാകരൻ

അമ്പലപ്പുഴ : അമ്പലപ്പുഴ -തിരുവല്ല സംസ്ഥാന പാതയുടെ ഉദ്ഘാടനം ഉത്സവാന്തരീക്ഷത്തിൽ മന്ത്രി ജി.സുധാകരൻ നിർവഹിച്ചു. യാത്രാക്ലേശത്താൽ ബുദ്ധിമുട്ടിയിരുന്ന അമ്പലപ്പുഴ, കുട്ടനാട് ,തിരുവല്ല പ്രദേശങ്ങളിലെ ജനങ്ങളുടെ സ്വപ്ന പദ്ധതിയാണ് യാഥാർത്ഥ്യമായത്.

അമ്പലപ്പുഴ മുതൽ പൊടിയാടി വരെ 22-56 കി.മീ.റോഡ് 72.05 കോടി രൂപ ചിലവിൽ ലോകോത്തര നിലവാരത്തിൽ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പുനർ നിർമ്മിക്കുകയായിരുന്നു. ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് റോഡ് പുനർനിർമ്മിച്ചത്.

ജില്ലയിൽ വികസനക്കുതിപ്പാണ് ഈ സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം നടക്കുന്നതെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. റോഡിന്റെ പൊടിയാടി മുതൽ തിരുവല്ല വരെയുള്ള അടുത്ത ഘട്ടവും ഉടൻ ആരംഭിക്കും. ചിലർ അനാവശ്യമായി ശിലാഫലകത്തിന്റെ പേരിൽ വിവാദം ഉണ്ടാക്കുകയാണ്. ഉദ്യോഗസ്ഥരാണ് അത് അവിടെ നിർമ്മിച്ചത്. തനിക്ക് അതിൽ ഒരു പങ്കുമില്ലെന്നും മന്ത്രി പറഞ്ഞു.ആർക്കെങ്കിലും പ്രതിഷേധമുണ്ടെങ്കിൽ ശിലാഫലകം അവിടെ വയ്ക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. അമ്പലപ്പുഴ പടിഞ്ഞാറെ നടയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി.തോമസ് ഐസക് അദ്ധ്യക്ഷത വഹിച്ചു. ഈ വർഷം അവസാനിക്കുന്നതിന് മുൻപ് എല്ലാ വീടുകളിലും സൗജന്യ ഇൻറർനെറ്റ് സംവിധാനം ഒരുക്കുമെന്ന് തോമസ് ഐസക് പറഞ്ഞു. സമാനതകളില്ലാത്ത വികസനമാണ് കേരളത്തിൽ ഈ സർക്കാർ അധികാരമേറ്റശേഷം നടന്നു വരുന്നത്. സർക്കാർ വിദ്യാലയങ്ങൾ, ആശുപത്രികൾ, റോഡുകൾ, പാലങ്ങൾ എല്ലാം ആധുനിക രീതിയിൽ നവീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. .പ്രൊജക്ട് ഡയറക്ടർ ഡാർലിൻ കാർമ ലിറ്റഡി ക്രൂസ് റിപ്പോർട്ട് അവതരിപ്പിച്ചു.എ.എം ആരിഫ് എം.പി, യു.പ്രതിഭ എം.എൽ.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥ് തുടങ്ങിയവർ സംസാരിച്ചു. അമ്പലപ്പുഴ തെക്കു പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ലാൽ സ്വാഗതവും, സൂപ്രണ്ടിംഗ് എൻജിനീയർ ബി.വിനു നന്ദിയും പറഞ്ഞു. അമ്പലപ്പുഴ കച്ചേരിമുക്ക് ജംഗ്ഷനിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിശിഷ്ടാതിഥികളെ സ്വീകരിച്ചാണ് പടിഞ്ഞാറെ നടയിലെ വേദിയിൽ എത്തിച്ചത്.