ആലപ്പുഴ:ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ എം.ലിജുവിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 20 ദിവസം നീണ്ടു നിന്ന പദയാത്ര 'ജനകീയ പ്രക്ഷോഭ ജ്വാലയ്ക്ക് ' ആവേശകരമായ പരിസമാപ്തി.ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് പുതിയ ആവേശം പകരും വിധമായിരുന്നു യാത്ര. 72 പഞ്ചായത്തുകളിലും ആറു നഗരസഭകളിലുമായി 448 കിലോ മീറ്റർ പര്യടനം നടത്തി.

കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗായി സംഘടിപ്പിച്ച പദയാത്ര ഇന്നലെ വൈകുന്നേരം 5.30ന് നഗരത്തിലെ സക്കറിയ ബസാറിലേയ്ക്ക് എത്തി പ്രകടനമായാണ് സമാപന സമ്മേളനം നടക്കുന്ന ആലപ്പുഴ ബീച്ചിലേക്ക് നീങ്ങിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കോൺഗ്രസ് പ്രവർത്തകർ കൂട്ടത്തോടെ സമാപന ചടങ്ങിൽ പങ്കെടുത്തു. ചെണ്ടമേളത്തിന്റേയും ബാന്റിന്റേയുമെല്ലാം അകമ്പടിയോടെ പതിനായിരങ്ങൾക്ക് മുന്നിലായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനൊപ്പമാണ് ജാഥാ ക്യാപ്റ്റൻ എം.ലിജു സമാപന സമ്മേളന വേദിയിലേക്ക് എത്തിയത്.

ത്രിവർണ്ണപതാകയും ത്രിവർണ്ണ നിറത്തിലുള്ള ബലൂണുകളും കടൽക്കാ​റ്റിൽ പാറിപ്പറന്നു. ജാഥയിലുടനീളം നൽകിയ സഹകരണത്തിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദിപറഞ്ഞാണ് ലിജു തന്റെ അദ്ധ്യക്ഷ പ്രസംഗം അവസാനിപ്പിച്ചത്.