ആലപ്പുഴ: ദേശീയ വിരവിമുക്ത ദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് വിരനശീകരണത്തിനുള്ള ആൽബൻഡസോൾ ഗുളികയുടെ വിതരണം ഇന്ന് നടക്കുമെന്ന് ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. കെ.കെ.ദീപ്തി വാർത്താസമ്മേളനത്തിൽ അറിയിച്ചു.സർക്കാർ,അൺഎയ്ഡഡ്, എയ്ഡഡ് സ്കൂളുകൾ, അങ്കനവാടികൾ എന്നിവടങ്ങളിൽ ഡോക്ടർമാർ, ആരോഗ്യപ്രവർത്തകരുടെ മേൽനോട്ടത്തിൽ അദ്ധ്യാപകർ, അങ്കനവാടി വർക്കർമാർ, ആശാവർക്കർമാർ എന്നിവർ ഗുളിക വിതരണം നടത്തും. 4,44,889കുട്ടികൾക്കാണ് ഗുളിക വിതരണം ചെയ്യുക. ഒന്നുമുതൽ രണ്ട് വരെ വയസുള്ള കുട്ടികൾക്ക് പകുതി ഗുളിക(200മി.ഗ്രാം) തിളപ്പിച്ച് ആറിച്ച ഒരുടീസ്പൂൺ വെള്ളത്തിൽ ചാലിച്ച് നൽകണം. 2 മുതൽ 19 വയസുവരെയുള്ളവർ 400മി.ഗ്രാം ഒരു ഗുളിക ഉച്ചഭക്ഷണത്തിന് ശേഷം തിളപ്പിച്ച് ആറിച്ച വെള്ളത്തോടൊപ്പം ചവച്ച് അരച്ച് കഴിക്കണം.വാർത്താസമ്മേളനത്തിൽ ജില്ലാ മാസ് മീഡിയ ഓഫീസർ പി.എസ്.സുജ, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ അരുൺ ലാൽ, ഡോ. കെ.വി.മോഹൻദാസ്, മേരി ജോർജ് എന്നിവർ പങ്കെടുത്തു.