ആലപ്പുഴ : നഗരത്തിൽ സ്ഥാപിച്ച നിരീക്ഷണ കാമറകൾ മിഴി അടച്ചിട്ട് വർഷങ്ങളായിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ. മോഷണവും സാമൂഹിക വിരുദ്ധരുടെ ശല്യവും തടയുന്നതിന് പൊലീസ് മുൻകൈയെടുത്ത് നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ സ്ഥാപിച്ചതാണ് ഈ കാമറകൾ.

പൊലീസ് കൺട്രോൾ റൂമുമായി നേരിട്ട് ബന്ധപ്പെടുത്തിയായിരുന്നു കാമറകൾ സ്ഥാപിച്ചിരുന്നത്. എന്ത് സംഭവം ഉണ്ടായാലും അപ്പോൾ തന്നെ വിവരം പൊലീസ് അധികൃതർക്ക് ലഭിക്കുമായിരുന്നു. കാമറകൾ മുഴുവനും പ്രവർത്തന രഹിതമായത് മോഷണം ഉൾപ്പടെയുള്ള കേസുകളുടെ അന്വേഷണത്തെ ബാധിക്കുന്നുണ്ട്. മുല്ലയ്ക്കലിൽ ജൂവലറിയിൽ മോഷണം നടന്നപ്പോൾ വ്യാപാരികൾ 8 ലക്ഷം രൂപ മുടക്കി സ്ഥാപിച്ചതാണ് കാമറകൾ. എന്നാൽ കാമറകളുടെ അറ്റകുറ്റപ്പണി പൊലീസാണ് ഏറ്റിരുന്നത്. മുല്ലയ്ക്കലിൽ വാഹനാപകടത്തിലാണ് റൊട്ടേറ്റിംഗ് കാമറ നശിച്ചത്. എ.എസ് കനാലോരത്ത് പൊലീസ് സ്ഥാപിച്ച 15 നിരീക്ഷണ കാമറകളിൽ ഭൂരിഭാഗവും സാമൂഹിക വിരുദ്ധർ മോഷ്ടിച്ചു. സ്ഥാപിച്ച് ആറ് മാസം മാത്രമായിരുന്നു ഇവ പ്രവർത്തിച്ചത്. വാഹന നിരീക്ഷണത്തിനായി സ്ഥാപിച്ച കാമറകൾ പലതും ഒടിഞ്ഞ് തൂങ്ങിയ നിലയിലാണ്. രാത്രികാല ദൃശ്യങ്ങൾ ഒപ്പിയെടുക്കാൻ കഴിയുന്ന തരത്തിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച അത്യാധുനിക കാമറകളും ഇക്കൂട്ടത്തിലുണ്ട്.

 ആശ്രയം സ്വകാര്യ സ്ഥാപനങ്ങൾ

കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടുള്ള തെളിവുകൾ ശേഖരിക്കുന്നതിന് സ്വകാര്യ വ്യക്തികളുടെ സി.സി ടിവി കാമറകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് പൊലീസ് ഇപ്പോൾ. നഗരത്തിലെ പ്രധാന വ്യാപാരകേന്ദ്രമായ മുല്ലക്കലിൽ മോഷണവും സാമൂഹിക വിരുദ്ധരുടെ ശല്യവും വർദ്ധിച്ചിട്ടുണ്ട്.

 വീണ്ടും വന്നേക്കും

നഗര വികസനത്തിന്റെ ഭാഗമായി പുതിയ നിരീക്ഷണ കാമറകൾ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.

21 കേന്ദ്രങ്ങളിൽ കാമറ സ്ഥാപിക്കാനാണ് പദ്ധതി. നഗരത്തിലെ പ്രധാന ജംഗ്ഷനുകൾ ഇതിൽ ഉൾപ്പെടും. റോഡ് സുരക്ഷയുടെ ഭാഗമായി റോഡുകളിലെ ദൃശ്യങ്ങളും ലഭിക്കുന്ന വിധമാകും കാമറ ഒരുക്കുക. പാലക്കാട്ടെ ഇന്ത്യൻ ടെലഫോൺസ് ഇൻഡസ്ട്രീസാണ് പദ്ധതി സമർപ്പിച്ചത്. ഇതിനു അംഗീകാരം ലഭിച്ചേക്കും.

......

'' മുല്ലയ്ക്കലിൽ സ്ഥാപിച്ച കാമറകളിൽ 3 എണ്ണം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. ബാക്കിയുള്ളവയുടെ തകരാർ പരിഹരിക്കണണെന്ന് ആവശ്യപ്പെട്ട് പല തവണ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല. കാമറകൾ പുനഃസ്ഥാപിക്കാൻ സാമ്പത്തിക സഹായം ചെയ്യാൻ തയ്യാറാണ്. സുരക്ഷക്കാണ് മുൻതൂക്കം.

(വ്യാപാരി വ്യവസായ ഏകോപന സമിതി)