ആലപ്പുഴ:സംസ്ഥാനത്തെ 20,000 കിലോ മീറ്റർ തോടുകൾ ഓണത്തിന് മുമ്പ് വൃത്തിയാക്കുമെന്ന് മന്ത്രി തോമസ് ഐസക്ക് പറഞ്ഞു.സർവതോന്മുഖമായ മാറ്റത്തിന്റെ ഒരു വർഷമാണ് വരാനിരിക്കുന്നത്. റോഡ് വികസനം പോലെ പ്രധാനമാണ് തോട് വികസനവും. ഇതിന് സർക്കാരിനൊപ്പം പഞ്ചായത്തുകളും പ്രവർത്തിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
മാരാരിക്കുളം വടക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന കരിക്കാട് തോടിന്റെ പുനരുജ്ജീവന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഞ്ചായത്തിലെ മൂന്നു ഭാഗങ്ങളിൽ ഉച്ചഭക്ഷണകേന്ദ്രങ്ങൾ മാർച്ച് ഒന്നിന് ആരംഭിക്കുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മാരാരിക്കുളം വടക്ക്പഞ്ചായത്ത് പ്രസിഡന്റ് ഡി. പ്രിയേഷ്‌കുമാർ പറഞ്ഞു.
ശ്യാമപ്രസാദ് മുഖർജി റൂർബൻ പദ്ധതിപ്രകാരം 88 ലക്ഷം രൂപയാണ് തോട് നവീകരണത്തിനായി മാറ്റിവച്ചിരിക്കുന്നത്.
കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാ മധു , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജമീല പുരുഷോത്തമൻ, സന്ധ്യാ ബെന്നി, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. കെ. രമണൻ, വികസന സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ പി. ബി. സുര തുടങ്ങിയവർ സംസാരിച്ചു.