ആലപ്പുഴ:പ്രളയത്തിന്റെ ദുരിതങ്ങൾ ഏറെ അനുഭവിക്കേണ്ടി വന്നിട്ടും വികസന രംഗത്തെ മികവിനുള്ള അംഗീകാരം ഒരിക്കൽ കൂടി വീയപുരം പഞ്ചായത്ത് ഏറ്റുവാങ്ങി. സംസ്ഥാന തലത്തിൽ മൂന്നാമത്തെ മികച്ച പഞ്ചായത്തെന്ന ബഹുമതിയാണ് കരസ്ഥമാക്കിയത്.

കഴിഞ്ഞ മൂന്ന് തവണയും ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയാണ് വീയപുരത്തിനു ലഭിച്ചത്. വയനാട് നടന്ന പഞ്ചായത്ത് ദിനാഘോഷത്തിൽ 15 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും പഞ്ചായത്ത് പ്രസിഡന്റ് എൻ. പ്രസാദ് കുമാറും ജീവനക്കാരും ചേർന്നു ഏ​റ്റുവാങ്ങി.

ജനറൽ, എസ്. സി വിഭാഗങ്ങൾക്കുള്ള പദ്ധതി വിഹിതം പൂർണമായും ചെലവഴിച്ചതാണ് വീയപുരത്തിനു നേട്ടമായത്. പഞ്ചായത്തിന്റെ വരുമാന മാർഗങ്ങളായ നികുതികൾ എല്ലാംതന്നെ പിരിച്ചെടുത്തു. ഉല്പാദന മേഖലയിൽ 25 ശതമാനത്തിലധികം പൂർണ്ണമായും ചെലവഴിക്കാനുമായി. അതിജീവനം എന്ന പേരിൽ കുടുംബശ്രീ വനിതകൾക്കായി തുടങ്ങിയ തയ്യൽ യൂണി​റ്റ് വിജയകരമായി പ്രവർത്തിച്ചു വരുകയും 46 പേർക്കു ഇതിലൂടെ പ്രയോജനം ലഭിക്കുകയും ചെയ്യുന്നു. വൃദ്ധർക്കും അംഗപരിമിതർക്കുമായുള്ള മാർഗ്ഗനിർദ്ദേശങ്ങളും പുനരധിവാസ പദ്ധതികളും വിജയകരമായി നടപ്പാക്കുവാനും പഞ്ചായത്തിന് കഴിഞ്ഞു.

കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനുള്ള മധുരം മലയാളം പോലെയുള്ള പദ്ധതികൾക്കു ഏറെ പ്രാധാന്യം നൽകി വിവിധ സ്‌കൂളുകളിൽ നടപ്പാക്കുവാനും പഞ്ചായത്ത് ഭരണ സമിതിക്ക് കഴിഞ്ഞു.

പായിപ്പാട് പാലത്തിനു മുകളിൽ നിന്നും മാലിന്യം തള്ളുന്നത് തടയാനായി സി. സി. ടി. വി ക്യാമറകൾ സ്ഥാപിച്ചു. ഇത്തരം മാതൃകാപരമായ പ്രവർത്തനങ്ങളുടെ ഫലമായി ജൈവ വൈവിധ്യ ബോർഡിന്റെ പുരസ്‌കാരവും പ്രകൃതി വിഭവ സംരക്ഷണ പുരസ്കാരവും കഴിഞ്ഞ കാലയളവുകളിൽ വീയപുരത്തെ തേടിയെത്തി. പഞ്ചായത്ത് ഭരണ സമിതിയുടെയും ജീവനക്കാരുടെയും നാട്ടുകാരുടെയും കൂട്ടായ പരിശ്രമത്തിന്റെ നേട്ടമാണ് സ്വരാജ് ട്രോഫിയിലൂടെ പഞ്ചായത്തിന് കൈവന്നിരിക്കുന്നത്.പമ്പാ അച്ചൻകോവിൽ ആറുകൾ ഒന്നിക്കുന്ന പ്രദേശമായ വീയപുരത്തു പ്രളയം ദുരിതം വിതച്ചിരുന്നു. ഇതിനെയെല്ലാം അതിജീവിച്ചുകൊണ്ടാണ് ചിട്ടയായ പ്രവർത്തനങ്ങളിലൂടെയും പദ്ധതി നിർവഹണത്തിലൂടെയും പഞ്ചായത്ത് മുന്നേറുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

തൊഴിൽ നിലവാരം മികച്ചതാക്കാൻ തൊഴിലുറപ്പ് പദ്ധതിയിലൂടെ സാധിച്ചതിലൂടെ തൊഴിലുറപ്പ് പദ്ധതിയുടെദേശീയ പുരസ്‌കാരവും സംസ്ഥാന സർക്കാരിന്റെ മഹാത്മാ പുരസ്‌ക്കാരവും വീയപുരത്തിനു നേടാനായി​

പഞ്ചായത്ത് പ്രസിഡന്റ് എൻ. പ്രസാദ്കുമാർ