ആലപ്പുഴ: മരണമണി മുഴങ്ങിയ പരമ്പരാഗത കയർ മേഖലയെ ഉദിച്ചുയരുന്ന വ്യവസായമാക്കി സംസ്ഥാന സർക്കാർ മാറ്റിയതായി കേരള കയർ വർക്കേഴ്സ് സെന്റർ(സി.ഐ.ടി.യു) സെക്രട്ടറി കെ.കെ.ഗണേശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് കയർ വകുപ്പിന്റെ കൂടി ചുമതല ഏറ്റെടുത്ത് വ്യവസായത്തിന്റെ പുനരുദ്ധാരണം ലക്ഷ്യം വച്ച് രണ്ടാം കയർ പുനഃസംഘടന പദ്ധതിക്ക് രൂപം നൽകി. കയർ വ്യവസായത്തെ അടിമുടി മാറ്റി ആധുനീകരിക്കുക, പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി മത്സരക്ഷമതയും മികച്ച ഉത്പാദനക്ഷമതയും കൈവരിക്കുക തുടങ്ങിയവ മുൻ നിറുത്തിയുള്ള പുരുദ്ധാരണ പദ്ധതികൾക്കാണ് രൂപംനൽകിയത്. കയർ ഫെഡ്, കയർകോർപ്പറേഷൻ, ഫോംമാറ്റിംഗ്സ്, കയർ യന്ത്ര നിർമ്മാണ കമ്പനി, കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് എന്നീ സ്ഥാപനങ്ങൾ വഴിയാണ് തൊഴിലാളികൾക്കും സംഘങ്ങൾക്കും ആവശ്യമായ പദ്ധതികൾ നടപ്പാക്കിവരുന്നത്. ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്നവരാണ് കയർമേഖലയിൽ സമരവുമായി രംഗത്ത് വന്നിട്ടുള്ളത്. കയർ ഉത്പന്നങ്ങൾ കത്തിച്ചുള്ള സമരമുറ യോജിച്ചതല്ല. സംഹാരമല്ല വേണ്ടത് ഉത്പാദനമാണെന്ന് സമരക്കാർ ചിന്തിക്കണമെന്നും അദ്ദേഹംപറഞ്ഞു. കയർ ഉത്പന്ന നിർമ്മാണ തൊഴിലാളികളുടെ കൂലി ബാങ്ക് വഴി വിതരണം ചെയ്യാൻ കയർകോർപ്പറേഷൻ തയ്യാറാണെന്ന് ചെയർമാൻ ടി.കെ.ദേവകുമാർ പറഞ്ഞു. ഇപ്പോൾ തൊഴിലാളിക്ക് ഒരു തടുക്ക് നിർമ്മിക്കുന്നതിന് 10രൂപയാണ് ചെറുകിട ഫാക്ടറി ഉടമകൾ നൽകുന്നതെങ്കിൽ കോർപ്പറേഷൻ നേരിട്ടു ആരംഭിച്ച നിർമ്മാണശാലയിലെ തൊഴിലാളിക്ക് 23രൂപയാണ് നൽകുന്നത്. സ്വന്തം വഞ്ചി മുക്കാതെ കേന്ദ്രത്തിനെതിരെ സമരം നടത്തുകയാണ് വേണ്ടതെന്നും ദേവകുമാർ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ കയർഫെഡ് പ്രസിഡന്റ് അഡ്വ. എൻ.സായികുമാർ, കയർ യന്ത്രനിർമ്മാണ കമ്പനി ചെയർമാൻ അഡ്വ. കെ.പ്രസാദ്, കേരള കയർ വർക്കേഴ്സ് സെന്റർ വൈസ് പ്രസിഡന്റ് വി.എസ്.മണി എന്നിവരും പങ്കെടുത്തു.