ആലപ്പുഴ: കിഫ്ബി വഴി നടപ്പാക്കുന്ന വിവിധ വികസന പദ്ധതികളെക്കുറിച്ച് അറിവ് പകരാനും പൊതുജനങ്ങളുടെ അഭിപ്രായം ആരായാനുമാണ് ജില്ലകൾ തോറും .'കേരള നിർമ്മിതി വികസനത്തിന്റെ അനുഭവബോദ്ധ്യം'എന്ന പേരിൽ പ്രദർശന -ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്ക് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.സംസ്ഥാനത്ത് 30,000 കോടിയുടെ പദ്ധതികളാണ് നിർവഹണ ഘട്ടത്തിലുള്ളതെന്നും അദ്ദേഹം അറിയിച്ചു.
ആലപ്പുഴ ജില്ലാതല പരിപാടി മാർച്ച് എട്ട്,ഒൻപത്,പത്ത് തീയതികളിൽ ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കും. ജില്ലയിലെ വൻകിട വികസന പദ്ധതികളുടെ ത്രിമാനതല മാതൃകകളും വെർച്വൽ റിയാലിറ്റി മാതൃകകളും അവലോകനങ്ങളും ഉൾപ്പെടുന്ന പരിപാടി എട്ടിനു രാവിലെ 11 ന് മുഖ്യമന്ത്റി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.മന്ത്രിമാരായ ജി.സുധാകരൻ, പി.തിലോത്തമൻ, തോമസ് ഐസക്ക് എന്നിവർ പങ്കെടുക്കും.
മൂന്ന് വേദികൾ
മൂന്നുവേദികളിലായാണ് വികസന പ്രദർശന ബോധവത്കരണം. പ്രദർശന വേദിക്ക് പുറമെ ഒരുഹാളിൽ സിമ്പോസിയങ്ങളും അവലോകനങ്ങളും മറ്റൊന്നിൽ യോഗങ്ങളും നടക്കും.
ഒന്നാം ദിവസം വൈകിട്ട് കായികമേഖലയുടെ വികസനം സംബന്ധിച്ച ചർച്ചകും. രണ്ടാംദിനത്തിൽ ആലപ്പുഴ നഗര പദ്ധതി, കുട്ടനാട് രണ്ടാം പാക്കേജ് എന്നിവയുടെ അവതരണവും ചർച്ചയും. അവസാനദിനം വിദ്യാഭ്യാസം,ആരോഗ്യം മേഖലകളിലെ വികസന പദ്ധതികളാണ് വിഷയം. വിദ്യാർത്ഥികൾക്കായി ഡോ. ജി.എസ്. പ്രദീപ് നയിക്കുന്ന പ്രശ്നോത്തരിയുമുണ്ടാകും.
കലാപരിപാടികൾ, കുട്ടികൾക്ക് പങ്കെടുക്കാവുന്ന തത്സമയ ക്വിസ് മത്സരം എന്നിവ മൂന്ന് ദിവസങ്ങളിലായി നടക്കും.
1500 കോടി രൂപയുടെ വികസന പദ്ധതികൾ
സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് ജില്ലക്ക് കിഫ്ബിയിലൂടെ കൈവരുന്നതെന്ന് മന്ത്റി തോമസ് ഐസക് ചൂണ്ടിക്കാട്ടി. ദേശീയപാത വികസനം ഉൾപ്പെടാതെതന്നെ, 1500 കോടി രൂപയുടെ വികസന പദ്ധതികൾ ആലപ്പുഴ നഗരത്തിനായി ഒരുങ്ങുന്നു. ഇവയിൽ ഏറ്റവും ബൃഹത്തായത് ട്രാൻസ്പോർട്ട് ഹബ്ബാണ്. പാലങ്ങൾ,തോടുകൾ എന്നിവയെല്ലാം നവീകരിക്കും. തോട്ടിൻകരയിലൂടെ 18 കിലോമീറ്റർ നീളത്തിൽ നടപ്പാതയും സൈക്കിൾ ട്രാക്കും തയ്യാറാകും. കെട്ടിടങ്ങൾ, പൗരാണികത്തനിമ നിലനിർത്തി മനോഹാരിത ചോരാതെ പുനരുദ്ധരിക്കും. ഇവയിൽ 20 എണ്ണം മ്യൂസിയമാക്കി മാറ്റും. കൾച്ചറൽ കോംപ്ലക്സും കായിക സൗകര്യ സംവിധാനവും ഒരുക്കാൻ പദ്ധതിയുണ്ട്.
കുട്ടനാടിനും പ്രത്യേക ശ്രദ്ധ
കുട്ടനാട്ടിലെ പരിസ്ഥിതി പുനഃസ്ഥാപനമാണ് കിഫ്ബി ഊന്നൽ നൽകുന്ന മറ്റൊരു പ്രാദേശികമേഖല. ശുചിത്വ കുട്ടനാട്, ബണ്ടുകളുടെ നിർമാണം, കൃഷി, മത്സ്യമേഖല ഇവയിലെല്ലാം നൂതന സങ്കല്പങ്ങളാണ് കുട്ടനാട് രണ്ടാം പാക്കേജിൽ വിഭാവനം ചെയ്യുന്നത്.
മുഖ്യചുമതല ജില്ലാ കളക്ടർക്ക്
കിഫ്ബിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയുടെ മുഖ്യചുമതല ജില്ല കളക്ടർക്കാണ്. മന്ത്റിമാരായ ജി.സുധാകരൻ, പി. തിലോത്തമൻ, ഡോ.തോമസ് ഐസക്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ സംഘാടക സമിതിയുടെ രക്ഷാധികാരികളാണ്. എ.എം.ആരിഫ് എം.പിയാണ് ചെയർമാൻ. വൈസ് ചെയർമാൻമാർ: ആലപ്പുഴ നഗരസഭ അദ്ധ്യക്ഷൻ ഇല്ലിക്കൽ കുഞ്ഞുമോൻ,ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ.
മറ്റു കമ്മിറ്റി ഭാരവാഹികൾ : റിസപ്ഷൻ- പി.പി.ചിത്തരഞ്ജൻ (ചെയർമാൻ ),എ.ഡി.എം (കൺവീനർ ) ,ഫുഡ് ആൻഡ് സാനിറ്റേഷൻ: എ.എ.റസാഖ് (ചെയർമാൻ),ജില്ല സപ്ലൈ ഓഫീസർ,നഗരസഭ സെക്രട്ടറി (കൺവീനർ), മെഡിക്കൽ: ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥ് (ചെയർപേഴ്സൺ),ജില്ലാ മെഡിക്കൽ ഓഫീസർ (കൺവീനർ),വോളണ്ടിയർ: കെ.ടി.മാത്യു (ചെയർമാൻ ),ജില്ല പൊലീസ് മേധാവി (കൺവീനർ) ,പബ്ലിസിറ്റി : ഡി.ലക്ഷ്മണൻ (ചെയർമാൻ), ജില്ല ഇൻഫർമേഷൻ ഓഫീസർ (കൺവീനർ).