ആലപ്പുഴ : ആലപ്പുഴയിലെ ട്രാൻസ്പോർട്ട് ഹബ് നിർമ്മാണത്തിനുള്ള നടപടികൾ മൂന്ന് മാസത്തിനുള്ളിൽ തുടങ്ങുമെന്ന് മന്ത്രി തോമസ് ഐസക്ക് അറിയിച്ചു.വളവനാട്ട് ഹൗസിംഗ് ബോർഡിൽ നിന്ന് ഏറ്റെടുത്ത സ്ഥലത്ത് , അവരുടെ എൻ.ഒ.സി കിട്ടിയാൽ കെ.എസ്.ആർ.ടി.സി ഗാരേജ് നിർമ്മാണം തുടങ്ങും.

ഇപ്പോഴത്തെ ബസ് സ്റ്റേഷൻ കെട്ടിടം പൊളിച്ചുപണിയും. നിലവിലെ ഗാരേജ് താത്കാലിക ബസ് സ്റ്രേഷനാക്കും.ശവക്കോട്ട പാലത്തിന്റെ വികസന പ്രവർത്തനങ്ങൾ രണ്ട് മാസത്തിനകം തുടങ്ങും. ജില്ലാക്കോടതി പാലത്തിന്റെ വികസനത്തിന് അല്പം കാലതാമസമുണ്ടാവും.സ്ഥലമെടുപ്പാണ് ഇവിടുത്തെ പ്രധാന പ്രശ്നം. ഫ്ളൈ ഓവറും മറ്റും നിർമ്മിക്കേണ്ടതുണ്ട്.തടസങ്ങൾ നീക്കാൻ സർക്കാർ തലത്തിൽ എല്ലാ ശ്രമവും നടത്തും.

ഹൗസ് ബോട്ടുകളിൽ നിന്നുള്ള മാലിന്യപ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ ,ബോട്ടുകളിൽ നിന്ന് നേരിട്ട് മാലിന്യങ്ങൾ ശേഖരിക്കുന്ന നടപടി ഉടൻ തുടങ്ങും.തത്കാലം തിരുവനന്തപുരം ജില്ലയിലെ മുട്ടത്തറയിലുള്ള ട്രീറ്റ്മെന്റ് പ്ളാന്റിൽ ഇത് സംസ്കരിക്കാനാണ് ഉദ്ദേശിക്കുന്നത്.സ്ഥലം ലഭ്യമാകുന്ന ഏത് ഭാഗത്തും സംസ്കരണ പ്ളാന്റ് നിർമ്മിക്കാൻ അഞ്ചുകോടി അനുവദിക്കും.മാലിന്യ സംസ്കരണത്തിനുള്ള വിപുലമായ പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത്. 100 കോടി ഇതിന് വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.