ആലപ്പുഴ : കയർപിരി മേഖലയിലെ യന്തവത്കരണത്തിന്റെ പശ്ചാത്തലത്തിൽ കോറിഡോർ മാറ്റ്, റോപ്പ് മാറ്റ് ഇനത്തിലുള്ള തടുക്കുകൾ നിർമ്മിക്കുന്നവരുടെ കൂലി ഇരട്ടിയായി വർദ്ധിപ്പിക്കാൻ ഇന്നലെ ആലപ്പുഴ ഗസ്റ്റ് ഹൗസിൽ മന്ത്രി തോമസ് ഐസക്കിന്റെ അദ്ധ്യക്ഷതയിൽ ട്രേഡ് യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ തീരുമാനിച്ചു.നിലവിൽ ഒരെണ്ണം നിർമ്മിക്കുന്നതിന് നൽകിവരുന്ന കൂലിയായ 10 രൂപയിൽ നിന്ന് 20 രൂപയായാണ് വർദ്ധിപ്പിച്ചത് . ഓട്ടോമാറ്റിക് സ്പിന്നിംഗ് മില്ലുകളുടെ ഉത്പാദന ക്ഷമത, കൂലി എന്നിവ നിർണയിക്കുന്നതിന് ട്രേഡ് യൂണിയൻ പ്രതിനിധികൾ അംഗങ്ങളും കയർഫെഡ് പ്രസിഡന്റ് അഡ്വ. എൻ.സായികുമാർ ചെയർമാനും എൻ.സി.ആർ.എം.ഐ. ഡയറക്ടർ കെ.ആർ.അനിൽ കൺവീനറുമായി സമിതി രൂപീകരിക്കും. ക്രയവില സ്ഥിരതാ പദ്ധതി വഴി 150 കോടി രൂപയുടെ സംഭരണമാണ് ഈ സാമ്പത്തിക വർഷം നടത്തിയിട്ടുള്ളള്ളത്. കയർ സഹകരണ സംഘങ്ങൾക്ക് ഇനിയും കൊടുക്കാനുള്ള 12കോടി സാമ്പത്തിക വർഷാവസാനത്തിന് മുമ്പായി നൽകും. യന്ത്ര സഹായത്തോടെ കയർ ഭൂവസ്ത്രം നിർമ്മിക്കുന്നതിന്റെ കൂലി നിശ്ചയിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കും.
പരമ്പരാഗത തറികളിൽ കയർ ഭൂവസ്ത്രം നിർമ്മിക്കുന്നതിന് നിലവിലുള്ള തറികൾ നവീകരിക്കുന്ന പദ്ധതി പ്രകാരം തറി ഒന്നിന് 50,000 രൂപ പ്രകാരം 450 ലൂം തറികൾക്ക് ധനസഹായം നൽകും.ഇതിന്റെ നടത്തിപ്പ് ചുമതല കയർ കോർപ്പറേഷനായിരിക്കും. യോഗത്തിൽ കയർഡയറക്ടർ ഡോ. എൻ.പദ്മകുമാർ, കയർകോർപ്പറേഷൻ ചെയർമാൻ ടി.കെ.ദേവകുമാർ, കയർഫെഡ് ചെയർമാൻ അഡ്വ. എൻ.സായികുമാർ, കയർ യന്ത്രനിർമ്മാണ ഫാക്ടറി ചെയർമാൻ അഡ്വ. കെ.പ്രസാദ്, ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ.ഗണേശൻ, കയർ യന്ത്രനിർമ്മാണ ഫാക്ടറി എം.ഡി.ശശീന്ദ്രൻ. എ.ഐ.ടി.യു.സി
നേതാക്കൾ യോഗത്തിൽ പങ്കെടുത്തില്ല.