ambala

അമ്പലപ്പുഴ : എസ്.എൻ. കവല - കഞ്ഞിപ്പാടം റോഡിനോട് ചേർന്ന് നിർമ്മിച്ചിട്ടുള്ള നടപ്പാതയുടെ മദ്ധ്യത്തിൽ നിലകൊള്ളുന്ന വൈദ്യുത പോസ്റ്റുകൾ കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. തറയോടു പാകിയ നടപ്പാത പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ചെങ്കിലും കെ.എസ്.ഇ.ബി അധികൃതർ വൈദ്യുത പോസ്റ്റുകൾ മാറ്റാൻ തയ്യാറായില്ല. തുടർന്ന് നടപ്പാതയിൽ പോസ്റ്റുകൾ നിലനിർത്തിക്കൊണ്ടു തന്നെ തറയോട് പാകുകയായിരുന്നു. റോഡു പുനർനിർമ്മാണം ആരംഭിച്ചപ്പോൾ തന്നെ പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പ് കെ.എസ്.ഇ.ബി യിൽ പണം കെട്ടി വെച്ചെങ്കിലും പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാൻ അധികൃതർ തയ്യാറായില്ലെന്ന് ആരോപണമുണ്ട്. കഴിഞ്ഞ ദിവസം നിയന്ത്രണംതെറ്റിയ കാർ പോസ്റ്റിലിടിച്ച് വൈദ്യുത കമ്പികൾ നിലത്തു വീണ് മണിക്കൂറുകളോളം പ്രദേശത്തെ വൈദ്യുതബന്ധം നിലച്ചിരുന്നു. അധികൃതർ ഇടപെട്ട് വൈദ്യുത പോസ്റ്റുകൾ എത്രയും വേഗം മാറ്റി സ്ഥാപിച്ച് കാൽനടയാത്രക്കാരുടെ ദുരിതം മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.