ചാരുംമൂട്: പാലമേൽ ഗ്രാമപഞ്ചായത്തിൽപ്പെട്ട ഉളവുക്കാട് പി.എച്ച്.സി വാർഡിലെ 250 ഓളം വരുന്ന തൊഴിലുറപ്പു തൊഴിലാളികൾ പഞ്ചായത്ത് സെക്രട്ടറി പി.വി.മണിയപ്പനെ ഓഫീസിനുള്ളിൽ ഉപരോധിച്ചു. ഇന്നലെ രാവിലെ പതിനൊന്നു മണിടെ കൂട്ടമായി എത്തിയാണ് തൊഴിലാളികൾ ഉപരോധിച്ചത്. സാമ്പത്തിക വർഷം അവസാനിക്കാൻ കേവലം ഒരു മാസം മാത്രം അവശേഷിക്കെ അർഹതപ്പെട്ട തൊഴിൽ ദിനങ്ങൾ നഷ്ടപ്പെടുത്തിയെന്നാണ് തൊഴിലാളികളുടെ ആക്ഷേപം. നാളിതുവരെ 39 തൊഴിൽ ദിനങ്ങളാണ് ലഭി​ച്ചത്. മറ്റു വാർഡുകളിൽ ഇതിനും ഇരട്ടി തൊഴിൽ ദിനങ്ങൾ നൽകിക്കഴിഞ്ഞെന്നും തങ്ങളെ കൊടുംപട്ടിണിയിലേക്ക് തള്ളിയിടുന്ന സമീപനമാണ് പാലമേൽ പഞ്ചായത്ത് ഭരണസമിതി സ്വീകരിക്കുന്നതെന്നും ഇവർ ആരോപിച്ചു. ഉപരോധത്തെത്തുടർന്ന് പഞ്ചായത്ത് സെക്രട്ടറി ബി ഡി ഒയെ ഫോണിൽ ബന്ധപ്പെട്ടു. നാലു ദിവസത്തിനകം മസ്റ്റർ റോൾ നൽകാമെന്ന ഉറപ്പ് എഴുതി വാങ്ങിയ ശേഷമാണ് തൊഴിലാളികൾ ഉപരോധം അവസാനിപ്പിച്ചത്.